ടോക്യോ: 57 കിലോ പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രവി കുമാര്‍ ദാഹിയയ്ക്ക് വെള്ളി മെഡല്‍. ഫൈനലില്‍ റഷ്യയുടെ സവൂര്‍ ഉഗ്വേവിനോട് 4-7നാണ് രവി കുമാര്‍ അടിയറവു പറഞ്ഞത്. ഇന്നലെ നടന്ന സെമിഫൈനലില്‍ കസാഖ്സ്ഥാന്റെ നൂറിസ്ലാവ് സനായേവിനെ മലര്‍ത്തിയടിച്ചാണ് രവി ദാഹിയ ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഒരു സമയത്ത് 2-9ന് വളരെ പിന്നിലായിരുന്ന രവി മത്സരത്തില്‍ പരാജയപ്പെടും എന്നു വരെ ഉറപ്പിച്ചിരുന്നു. അവിടെ നിന്നുമാണ് അവിശ്വസനീയമായ രീതിയില്‍ ഇന്ത്യന്‍ താരം മടങ്ങി വന്നത്. 2 - 9 എന്ന സ്‌കോറില്‍ വച്ച് അടുപ്പിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കിയ രവി ദാഹിയ മത്സരം അവസാനിക്കാന്‍ ഒരു മിനിട്ട് ബാക്കിയുള്ളപ്പോള്‍ കസാഖ്സ്ഥാന്‍ താരത്തെ മലര്‍ത്തിയടിച്ചുകൊണ്ടാണ് മത്സരം വിജയിച്ചത്.
എന്നാല്‍ ആ മികവ് ഫൈനലില്‍ ആവര്‍ത്തിക്കാന്‍ രവിക്ക് സാധിച്ചില്ല. തുടക്കം മുതല്‍ രവിക്കു മേലെ ആധിപത്യം സ്ഥാപിച്ച റഷ്യന്‍ താരം ഒരു ഘട്ടത്തില്‍ 7 - 2ന് മത്സരത്തില്‍ ലീഡ് ചെയ്യുകയായിരുന്നു.അതേസമയം വനിതകളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ട് 53 കിലോ വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറസിന്റെ വനേസയോട് തോറ്റ് പുറത്തായത് ഇന്ത്യക്കു തിരിച്ചടിയായി.