ബയോ ബബിളിലെ ജീവിതം ദുഷ്‌കരം; ക്രിസ് ഗെയില്‍ ഐപിഎലില്‍ നിന്ന് പിന്മാറി


OCTOBER 1, 2021, 7:38 AM IST

മുംബയ്:  ഐപിഎല്‍ ബയോ ബബിളിലെ ജീവിതം ദുഷ്‌കരമെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് കിംഗ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ ഐപിഎലില്‍ നിന്ന് പിന്മാറി. താരം ഇനി ഈ സീസണില്‍ പഞ്ചാബിനൊപ്പം കളിക്കില്ല. ടി-20 ലോകകപ്പിനു മുന്‍പ് മാനസികമായി ഒരു തയ്യാറെടുപ്പ് ആവശ്യമായതിനാലാണ് ഐപിഎലില്‍ നിന്ന് മടങ്ങുന്നതെന്ന് ഗെയില്‍ അറിയിച്ചു.

ബബിള്‍ ജീവിതം ദുഷ്‌കരമായതിനാല്‍ ക്രിസ് ഗെയില്‍ ഐപിഎല്‍ ബയോ ബബിളില്‍ നിന്ന് മടങ്ങുകയാണ്. ആദ്യം സിപിഎല്‍ ബബിളിലും പിന്നീട് ഐപിഎല്‍ ബബിളിലും ഭാഗമായിരുന്നതിനാല്‍ ടി-20 ലോകകപ്പിനു മുന്‍പ് മാനസികമായി ഉന്മേഷം വീണ്ടെടുക്കണമെന്ന് അദ്ദേഹം അറിയിച്ചിരുന്നുന്നുവെന്ന് പഞ്ചാബ് കിംഗ്‌സ് അറിയിച്ചു.

42കാരനായ ഗെയില്‍ രണ്ടാം പാദത്തില്‍ രണ്ട് മത്സരങ്ങളാണ് കളിച്ചത്. എന്നാല്‍, 15 റണ്‍സ് മാത്രമേ അദ്ദേഹത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ.

അതേസമയം, ഇന്നലെ സണ്‍ റൈസേഴ്സിനെ ആറുവിക്കറ്റിന് ചെന്നൈ കീഴടക്കി. വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ ധോണിയുടെ സിക്‌സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദ് നേടിയ 134 റണ്‍സ് 2 പന്ത് ശേഷിക്കവേയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മറികടന്നത്. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാഡ്  ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് 6 വിക്കറ്റിന്റെ ജയം നേടിക്കൊടുത്തത്.

ഋതുരാജ് 45 റണ്‍സ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസി 41 റണ്‍സും മോയിന്‍ അലി 17 റണ്‍സുമാണ് നേടിയത്. റായിഡു 13 പന്തില്‍ 17 റണ്‍സ് നേടിയപ്പോള്‍ എംഎസ് ധോണി 14 റണ്‍സ് നേടി. 31 റണ്‍സാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫിലേക്ക് എത്തി. സണ്‍റൈസേഴ്‌സ് ഐപിഎലില്‍ നിന്ന് പുറത്താവുന്ന ആദ്യ ടീമായി. 11 മത്സരങ്ങളില്‍ നിന്ന് 9 ജയം സഹിതം 18 പോയിന്റുകളാണ് ചെന്നൈക്കുള്ളത്. അതേസമയം, ഇത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 2 ജയം സഹിതം വെറും 8 പോയിന്റുമായാണ് ഹൈദരാബാദ് പുറത്തായത്.