ഗോകുലം എഫ്‌ സിക്ക് ചരിത്രനേട്ടം: ഡ്യൂറന്റ് കപ്പിൽ മുത്തമിട്ട് കേരള ടീം 


AUGUST 24, 2019, 8:22 PM IST

കൊൽക്കൊത്ത:ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം ഗോകുലം കേരള എഫ് സിക്ക്. ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ തോല്‍പിച്ചാണ് ഗോകുലം കേരള കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്  ഗോകുലത്തിന്റെ വിജയം.22 വർഷത്തിനുശേഷമാണ് കേരളത്തിൽ നിന്നൊരു ടീം രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ടൂർണമെന്റിൽ ജേതാക്കളാകുന്നത്.

നായകന്‍ മാര്‍ക്കസ് ജോസഫാണ് കേരളത്തിനായി രണ്ട് ഗോളുകളും നേടിയത്.ടൂര്‍ണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്.

45-ാം മിനിറ്റിലും 51-ാം മിനിറ്റിലുമായിരുന്നു മാര്‍ക്കസ് ജോസഫ് ഗോകുലത്തിനു വേണ്ടി ലക്ഷ്യം കണ്ടത്.64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ്‌മാര്‍ട്ടിനസാണ് ബഗാനായി ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ തോല്‍വിയറിയാതെ സെമിയിലെത്തിയ കേരള ടീം ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഫൈനലിലെത്തിയത്.

ഇതോടെ 1997-ല്‍ എഫ്  സി കൊച്ചിനു ശേഷം ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്ന കേരള ടീം എന്ന നേട്ടം ഗോകുലം സ്വന്തമാക്കി. ഒടുവിലായി ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയ കേരള ടീം എഫ്  സി കൊച്ചിനാണ്. അന്നും ഫൈനലില്‍ എതിരാളി ബഗാനായിരുന്നു.