കൊളംബോ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ ഉജ്ജ്വല ജയം. 357 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. കുല്‍ദീപിന്റെ 5 വിക്കറ്റ് ബൗളിങ് പ്രകടനം ഇന്ത്യയുടെ മികച്ച വിജയത്തിന് മുതല്‍ക്കൂട്ടായി. ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ ഒന്നാം സ്ഥാനക്കാരായി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒമ്പത് റണ്‍സെടുത്ത ഇമാമുല്‍ ഹഖിനേയും 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും നഷ്ടമായതിനു ശേഷം പാകിസ്ഥാന് കാലിടറുകയായിരുന്നു. 27 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാകിസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 2 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനെയും പാകിസ്ഥാന് പെട്ടെന്ന് നഷ്ടമായി.
സല്‍മാന്‍ അലി ആഘയും (23) ഇഫ്തിഖര്‍ അഹമ്മദ് (23) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. മത്സരം ചൂട് പിടിക്കുമ്പോഴേക്കും പാകിസ്ഥാന്റെ മധ്യനിര ഇന്ത്യയ്ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞിരുന്നു. ഷദാബ് ഖാന്‍ (6), ഫഹീം അഷ്‌റഫ് (4), ഷഹീന്‍ അഫ്രീദി (7) എന്നിങ്ങനെയാണ് മധ്യ നിരയിലെ സ്‌കോര്‍. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ പരിക്കുമൂലം ബാറ്റിങ്ങിനിറങ്ങിയില്ല.
ഇന്ത്യയ്ക്കായി കുല്‍ദീപ് 5 വിക്കറ്റും ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ട്യ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ ഞായറാഴ്ച ആരംഭിച്ച മത്സരം മഴ കാരണം തടസപ്പെട്ടതോടെ റിസര്‍വ് ദിവസമായ തിങ്കളാഴ്ചത്തേക്കു നീട്ടുകയായിരുന്നു.
100 പന്തില്‍ രാഹുല്‍ തന്റെ ആറാം ഏകദിന സെഞ്ചുറി തികച്ചപ്പോള്‍ കോലിക്ക് 84 പന്തു മാത്രമേ 47-ാം സെഞ്ചുറിക്കു വേണ്ടിവന്നുള്ളൂ. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 49 ഏകദിന സെഞ്ചുറി എന്ന റെക്കോഡ് രണ്ടു സെഞ്ചുറി മാത്രം അകലെ. ഏറ്റവും കുറവ് ഇന്നിങ്‌സില്‍ 13,000 ഏകദിന റണ്‍സ് തികച്ചതിന്റെ റെക്കോഡും ഇതിനിടെ കോലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 94 പന്തില്‍ ഒമ്പത് ഫോറും മൂന്നു സിക്‌സും സഹിതം 122 റണ്‍സെടുത്ത കോലി പുറത്താകാതെ നിന്നു. രാഹുല്‍ 106 പന്തില്‍ 12 ഫോറും രണ്ടു സിക്‌സും സഹിതം പുറത്താകാതെ 111 റണ്‍സും നേടി. 233 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്.