ഏഷ്യൻ ചാമ്പ്യന്മാരെ പിടിച്ചുകെട്ടി;ഇന്ത്യക്ക് ആവേശ സമനില 


SEPTEMBER 11, 2019, 12:44 AM IST

ദോഹ:വിജയത്തോളം പോന്ന സമനിലയാണ് ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ ഇന്ത്യക്കിത്.ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ അവരുടെ നാട്ടിൽ ഗോള്‍രഹിത സമനിലയില്‍ തളച്ചത് സ്വപ്‌നസമാന നേട്ടമായി. 

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലെ ഈ സമനിലയോടെഗ്രൂപ്പ് ഇയില്‍ ഇന്ത്യ ആദ്യ പോയിന്റ് കരസ്ഥമാക്കുകയും ചെയ്തു.ആദ്യ മത്സരത്തില്‍ ഒമാനോട് ഇന്ത്യ തോറ്റപ്പോൾ ഖത്തർ അരങ്ങേറ്റ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ അര ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടിരുന്നു.

ചരിത്രം കുറിച്ച  സമനിലയ്ക്ക് ഇന്ത്യ ആരോടെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സൂപ്പർ താരം സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനോട് മാത്രമാണ്. ഒരു ഡസനോളം മികച്ച ഗോളവസരങ്ങളാണ് ബാറിന് കീഴെ വന്‍മതിലായി നിലകൊണ്ട ഗുര്‍പ്രീത് ചാടിയും പറന്നും കുത്തിയും പിടിച്ചും അകറ്റിയത്. ഇതില്‍ അര ഡസന്‍ അവസരങ്ങളെങ്കിലും ഉറപ്പായും പന്ത് വലയില്‍ കയറേണ്ടവ തന്നെയായിരുന്നു. തൊണ്ണൂറ്റിനാല് മിനിറ്റില്‍ 27 ഷോട്ടുകളാണ് സന്ധു കാത്ത പോസ്റ്റിന് നേരെ തീപാറി വന്നത്.

ഏഷ്യന്‍ ചാമ്പ്യന്മാരും ഫിഫ റാങ്കിങ്ങില്‍ അറുപത്തിരണ്ടാം സ്ഥാനക്കാരും അടുത്ത ലോകകപ്പിന്റെ ആതിഥേയരുമെല്ലാമായ ഖത്തറിനു തന്നെയായിരുന്നു സ്വന്തം തട്ടകത്തില്‍ ഉടനീളം മേല്‍ക്കൈ. അതിവേഗ മുന്നേറ്റങ്ങളിലൂടെ അവര്‍ തുടക്കം മുതല്‍ തന്നെ ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍, പ്രതിരോധ ഭിത്തി മാത്രം പിളര്‍ത്താനായില്ല. ഒമാനോടുള്ള അവസാന നിമിഷ ഗോളുകളില്‍ നിന്ന് പാഠം പഠിച്ച ഇന്ത്യയുടെ പ്രതിരോധനം അത്രയ്ക്കും പഴുതടച്ചായിരുന്നു ഇക്കുറി. പ്രതിരോധഭിത്തിയെ ഭേദിച്ചപ്പോഴൊക്കെ ഖത്തര്‍ സ്ട്രൈക്കര്‍മാര്‍ക്ക് മുന്നില്‍ വന്‍മതിലായി നിലകൊണ്ടു ക്യാപ്റ്റന്‍ സന്ധു. ഒരൊറ്റ പിഴവു പോലും വന്നില്ല സന്ധുവിന്റെ കൈകളില്‍ നിന്ന്.

ഖത്തര്‍ നിരയില്‍ ഏറ്റവും അപകടകാരി ക്യാപ്റ്റന്‍ ഹസ്സന്‍ അല്‍ ഹായ്ദോസായിരുന്നു. ഇടതു പാര്‍ശ്വത്തിലൂടെ പാഞ്ഞുവരുന്ന ഹായ്ദോസിനെ ഗോള്‍ ഏരിയയില്‍ പൂട്ടാന്‍ ഇന്ത്യന്‍ പ്രതിരോധനിര ശരിക്കും പാടുപെട്ടു. ഇടതുവിംഗില്‍ നിന്ന് ഹായ്ദോസ് തൊടുക്കുന്ന ക്രോസുകളെല്ലാം തന്നെ ഇന്ത്യന്‍ ബോക്‌സിൽ ഭീതി പരത്തി. എന്നാല്‍, അവയൊന്നും ഫലപ്രദമായി കണക്‌ട് ചെയ്യാന്‍ ആരുമുണ്ടായില്ല. അപകടമുണ്ടാക്കിയവയ്ക്കാവട്ടെ അപാര ഫോമില്‍ നിലകൊണ്ട ഗുര്‍പ്രീതിനെ മറികടക്കാന്‍ കഴിഞ്ഞതുമില്ല.

ഗുര്‍പ്രീത് മാത്രമല്ല, ഡിഫന്‍ഡര്‍ സന്ദേശ് ജിംഗനും ഉജ്വല ഫോമിലായിരുന്നു. മൂന്ന് മികച്ച സേവുകളാണ് ജിംഗന്‍ ഇക്കുറി നടത്തിയത്.

ആത്മഹത്യാപരമായ ആക്രമണങ്ങളേക്കാള്‍ ആത്മരക്ഷാര്‍ഥമുള്ള പ്രതിരോധം തന്നെയാണ് കോച്ച് ഇഗേര്‍ സ്റ്റിമാക്ക് പയറ്റിയ തന്ത്രം. എങ്കിലും ചില നല്ല പ്രത്യാക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്കായി.

സുനില്‍ ഛേത്രിയില്ലാത്ത ഇന്ത്യയുടെ ആക്രമണത്തിന് ഖത്തറിനെ ഭീതിയിലാഴ്ത്താനുള്ള മൂര്‍ച്ചയുണ്ടായിരുന്നല്ല. ഉദാന്തയായിരുന്നു ഒന്നാം പകുതിയില്‍ കൂടുതല്‍ കയറിക്കളിച്ചത്. പക്ഷേ, ഖത്തര്‍ ഗോളിയെ കാര്യമായി പരീക്ഷിക്കാനായില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ സഹല്‍ ഉജ്വലവേഗം കണ്ടെത്തിയതോടെ കാര്യങ്ങള്‍ മാറി. സഹലിന്റെ ഒരു ലോംഗ് റേഞ്ചര്‍ കഷ്ടിച്ചാണ് പോസ്റ്റിനെ ഒഴിഞ്ഞുപോയത്. ഉദാന്തയുടെ ഒരു ഷോട്ടും ഒരിക്കല്‍ ഗോളിന് അടുത്തെത്തി.

ഈ സമനിലയോടെ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുള്ള ഖത്തര്‍ തന്നെയാണ് ഒന്നാമത്. മൂന്ന് പോയിന്റുള്ള ഒമാനാണ് രണ്ടാമത്. രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുള്ള അഫ്‌ഗാനിസ്ഥാനാണ് മൂന്നാമത്. ഏറ്റവും അവസാനക്കാരായ ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.