ലോകകപ്പ് യോഗ്യതാപടിക്കൽ കലമുടച്ച് ഇന്ത്യ;മുന്നിട്ടുനിന്ന ശേഷം ഒമാനോട് തോൽവി വഴങ്ങി 


SEPTEMBER 5, 2019, 10:51 PM IST

ഗ്വാഹട്ടി:ലോകകപ്പ് ഫുട്‍ബോൾ  യോഗ്യത മത്സരത്തില്‍ അവസാന നിമിഷം ജയം കെെവിട്ട് ഇന്ത്യ. ഇ ഗ്രൂപ്പ് മത്സരത്തില്‍ ഒമാനെതിരെ അട്ടിമറി ജയം പ്രതീക്ഷിച്ച സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ടീം പടിക്കൽ കലമുടച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.

 

നായകന്‍ സുനില്‍ ഛേത്രി 24ാം മിനിറ്റിൽ നേടിയ ഗോളിന് മുന്നിലെത്തിയ ഇന്ത്യ നിശ്ചിത സമയത്തിന് എട്ടു മിനിറ്റ് ശേഷിക്കെ സമനില ഗോളും അവസാന മിനിറ്റിൽ രണ്ടാം ഗോളും വഴങ്ങുകയായിരുന്നു.

മത്സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തിയെങ്കിലും നിരവധി അവസരങ്ങൾ തുലച്ചതും അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞതും ഇന്ത്യൻ പ്രതീക്ഷകൾക്ക് വിനയായി.

ഫിഫ റാങ്കിങിൽ 87ാം സ്ഥാനത്താണ് ഒമാൻ. പട്ടികയിൽ 103ാം സ്ഥാനത്താണ് ഇന്ത്യ. 113 രാജ്യാന്തര മത്സരങ്ങൾ കളിച്ച സുനിൽ ഛേത്രിയുടെ എഴുപത്തി മൂന്നാം ഗോളാണ് ഇന്നത്തെ മത്സരത്തിൽ പിറന്നത്. ഇതോടെ ആദ്യ ജയവുമായി മൂന്ന് പോയിന്റ് നേടിയ ഒമാൻ ഗ്രൂപ്പിൽ ഒന്നാമതെത്തി.

ഇരു ടീമുകൾക്കും പുറമെ, ലോകകപ്പ് ആതിഥേയരായ  ഖത്തർ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ എല്ലാ ടീമുകൾക്കും ഒരോ മത്സരം വീതമാണ് ഹോം ഗ്രൗണ്ടിലും പുറത്തുമായി ഉള്ളത്.

Other News