ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യക്ക് തുടക്കം


OCTOBER 1, 2022, 3:19 PM IST

ധാക്ക: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ശ്രീലങ്കന്‍ ടീമിനെ 41 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 18.2 ഓവറില്‍ 109 റണ്‍സില്‍ പുറത്തായി. 

ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് വിജയത്തിന് കരുത്തേകിയത്. ടീം ഇന്ത്യക്ക് വേണ്ടി ദയാലന്‍ ഹേമലത 2.2 ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. പൂജാ വസ്ത്രകര്‍ മൂന്ന് ഓവറില്‍ 12 റണ്‍സില്‍ രണ്ട് വിക്കറ്റും ദീപ്തി ശര്‍മ നാലോവറില്‍ 15 റണ്‍സും വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി. രാധാ യാദവ് ഒരു വിക്കറ്റ് വീഴ്ത്തി. ലങ്കക്കായി ഓപ്പണര്‍ ഹര്‍ഷിതാ 20 പന്തില്‍ അഞ്ച് ഫോറോടെ 26 റണ്‍സ് നേടി. ഹസ്നി പെരേര 32 പന്തില്‍ മൂന്ന് ഫോറിന്റെ അകമ്പടിയോടെ 30 റണ്‍സ് അടിച്ചെടുത്തു. ഇരുവരെയും കൂടാതെ മറ്റാര്‍ക്കും ലങ്കന്‍ നിരയില്‍ തിളങ്ങാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ ഷഫാലി വര്‍മക്കും സ്മ്യതി മന്ദാനക്കുമായില്ല. ഷഫാലി പത്തും മന്ദാന ആറും റണ്‍സെടുത്തും പുറത്തായി. മൂന്നാമതായി ഇറങ്ങിയ ജെമിമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ജെമിമ 53 പന്തില്‍ 11 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 76 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 30 പന്തില്‍ 33 റണ്‍സുമായി ജെമിമക്ക് പിന്തുണ നല്‍കി. രണ്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഹര്‍മന്റെ ഇന്നിംഗ്സ്. ഒക്ടോബര്‍ മൂന്നിന് മലേഷ്യക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Other News