ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പരയില്‍ ഒപ്പത്തിനൊപ്പം


NOVEMBER 8, 2019, 3:55 PM IST

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യയ്ക്ക് വിജയം. 154 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ട് വിക്കറ്റിനാണ് വിജയിച്ചത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ തിരിച്ചുവന്നു.രണ്ടാം ടി20 യില്‍ ഇന്ത്യ വിജയിച്ചതോടെ നാഗ്പൂരിലെ വിദര്‍ഭ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം മത്സരം നിര്‍ണ്ണായകമായി. വിജയിയെ നിര്‍ണ്ണയിക്കുന്ന മാച്ച് ഞായറാഴ്ചയാണ് നടക്കുക. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയതീരത്തേയ്ക്ക് അടുപ്പിച്ചത്. 85 റണ്‍സ് നേടി രോഹിത് ശര്‍മ്മ പുറത്തായപ്പോള്‍ 31 റണ്‍സെടുത്ത ശിഖര്‍ ധവാനെ ആമിനുള്‍ ഇസ്ലാം പുറത്താക്കി.ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 118 റണ്‍സാണ് പിറന്നത്.

 വിജയത്തോടെ ലോക റെക്കോര്‍ഡാണ്  അന്താരാഷ്ട്ര ടി20യില്‍ റണ്‍ ചേസില്‍ റെക്കോര്‍ഡ് സ്ഥാപിക്കാനും ഇന്ത്യക്കായി. എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ നേടിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ ഒപ്പമെത്തുകയായിരുന്നു.

ഇന്ത്യയുടെ 41ാം റണ്‍ ചേസ് വിജയമായിരുന്നു രാജ്‌കോട്ടിലേത്.ഏറ്റവും മികച്ച വിജയശരാശരിയുള്ള ടീമും ഇന്ത്യ തന്നെയാണ്. ഇതുവരെ 61 ടി20കളിലാണ് ഇന്ത്യക്കു റണ്‍ ചേസ് നടത്തേണ്ടി വന്നത്. ഇവയില്‍ 41ലും ജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

69 മല്‍സരങ്ങളില്‍ റണ്‍ചേസ് നടത്തി 40 എണ്ണത്തില്‍ ജയിച്ച ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. 67 റണ്‍ ചേസുകളില്‍ 36 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കിയ പാകിസ്ഥാനാണ് മൂന്നാംസ്ഥാനത്ത്.

രാജ്‌കോട്ട് ടി20യില്‍ 154 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഇന്ത്യക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ രോഹിതും ശിഖര്‍ ധവാനും ചേര്‍ന്ന് 10 ഓവറില്‍ തന്നെ ടീം സ്‌കോര്‍ 100 കടത്തിയപ്പോള്‍ ഇന്ത്യ കളി വരുതിയിലാക്കിയിരുന്നു. ധവാനും രോഹിത്തും അടുത്തടുത്ത ഓവറുകളില്‍ പുറത്തായെങ്കിലും അപ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പാക്കിയിരുന്നു. വെറും 15.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ 154 റണ്‍സെടുത്ത് ജയം പിടിച്ചെടുത്തത്. 43 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 85 റണ്‍സ് വാരിക്കൂട്ടിയ രോഹിത്താണ് മാന്‍ ഓഫ് ദി മാച്ച്.

ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയമാണ് ബംഗ്ലാദേശ് നേടിയത്.

7 വിക്കറ്റിനാണ് ബംഗ്ലദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടു വെച്ച 149 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് പന്തുകള്‍ ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. 60 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിക്കര്‍ റഹീമാണ് ബംഗ്ലാദേശിന്റെ വിജയ ശില്പി. ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ടി20 വിജയമായിരുന്നു അത്.

ഇന്ത്യ ബംഗ്ലാദേശ്