വിജയത്തുടക്കം; ആദ്യ ടി 20 യില്‍ ഇന്ത്യ ശ്രീലങ്കയെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തി


JANUARY 4, 2023, 6:38 AM IST

മുംബൈ : പുതുവര്‍ഷത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ ടി20 യില്‍ ശ്രീലങ്കയെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തി. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആവേശകരമായ വിജയമാണ് ഇന്ത്യന്‍ ടീം നേടിയത്. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ തുടക്കം വളരെ മോശമായിരുന്നു. അവസാന ഓവറുകളില്‍ ചാമിക കരുണരത്നെയുടെ വെടിക്കെട്ട് ബാറ്റിംഗ് ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ട് റണ്‍സ് അകലെ ജയം നഷ്ടമായി. സന്ദര്‍ശകര്‍ക്കായി നായകന്‍ ദസുന്‍ ഷനക 27 പന്തില്‍ 45 റണ്‍സെടുത്ത് ടോപ് സ്‌കോററായി. കുസല്‍ മെന്‍ഡിസ് (25 പന്തില്‍ 28), വനിന്ദു ഹസരംഗ (10 പന്തില്‍ 21) എന്നിവരും പൊരുതി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ആദ്യ ഓവറില്‍ 17 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 27 റണ്‍സിനിടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. അരങ്ങേറ്റ മത്സരത്തില്‍ ഏഴ് റണ്‍സ് നേടിയ ശേഷം ശുഭ്മാന്‍ ഗില്‍ പുറത്തായി. ഇതിന് പിന്നാലെ ഏഴ് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും പുറത്ത്. അഞ്ച് റണ്‍സെടുത്ത സഞ്ജു സാംസണും പവലിയനിലേക്ക് മടങ്ങി. പിന്നാലെ ഇഷാന്‍ കിഷന്‍ 37 റണ്‍സിനും ഹാര്‍ദിക് പാണ്ഡ്യ 29 റണ്‍സിനും പുറത്തായി.

94 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കേ ദീപക് ഹൂഡയും അക്‌സര്‍ പട്ടേലും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യയുടെ സ്‌കോര്‍ അഞ്ചിന് 162ല്‍ എത്തിച്ചു. ദീപക് ഹൂഡ 41 റണ്‍സോടെയും അക്‌സര്‍ പട്ടേല്‍ 31 റണ്‍സോടെയും പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി കസുന്‍ രജിത ഒഴികെ എല്ലാ ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Other News