ഇംഗ്ലണ്ടിനെതിരെ 66 റണ്‍സ് ജയവുമായി ഇന്ത്യ


MARCH 23, 2021, 10:28 PM IST

പൂനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 251 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളു. മികച്ച തുടക്കം ലഭിച്ചെങ്കിലും ഇംഗ്ലണ്ടിന് അത് മുതലെടുക്കാനായില്ല. ഭേദപ്പെട്ട ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണിംഗ് വിക്കറ്റില്‍ ജേസണ്‍ റോയും (46) ജോണി ബെയര്‍സ്റ്റോയും (94) മികച്ച തുടക്കമാണ് നല്‍കിയത്.

ഇരുവരും ഒന്നാം വിക്കറ്റില്‍ 135 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ അരങ്ങേറ്റക്കാരന്‍ പ്രസിധ് കൃഷ്ണ തന്റെ കന്നിവിക്കറ്റായി ജേസണ്‍ റോയിയെ മടക്കി അയച്ചതോടെ ഇംഗ്ലണ്ട് തകര്‍ന്നു.

ഷാര്‍ദുല്‍ ഠാക്കൂറും പ്രസിധ് കൃഷ്ണയും ചേര്‍ന്ന് ഇംഗ്ലണ്ട് മധ്യനിരയെ തകര്‍ക്കുകയായിരുന്നു. മറുവശത്ത് ഭുവനേശ്വര്‍ കുമാര്‍ ശക്തമായ നിലയില്‍ പന്തെറിയുകയായിരുന്നു. 

പ്രസിധ് കൃഷ്ണ നാലും ഷാര്‍ദുല്‍ ഠാക്കൂര്‍ മൂന്നും വിക്കറ്റ് ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയും (28) ശിഖര്‍ ധവാനും (98) നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രോഹിത് വീണ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലിയും (56) ധവാന് ഉറച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ 105 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. എന്നാല്‍ കോഹ്ലി വീണതോടെ മധ്യനിര നിലംപൊത്താന്‍ തുടങ്ങി.

ശ്രേയസ് അയ്യര്‍ (6), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവര്‍ മടങ്ങിയതിന് പിന്നാലെ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സകലെ ധവാനും വീണു.

പിന്നീട് രാഹുല്‍- ക്രുണാള്‍ സഖ്യമാണ് രക്ഷിച്ചത്. ആക്രമണശൈലിയില്‍ ബാറ്റ് വീശിയ ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തുകയായിരുന്നു. 31 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്ന ക്രുണാള്‍ കെ എല്‍ രാഹുലിനൊപ്പം ആറാം വിക്കറ്റില്‍ നിര്‍ണായകമായ 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രാഹുല്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു.