ദക്ഷിണാഫ്രിക്കക്കെതിരെ എട്ട് വിക്കറ്റ് ജയവുമായി ഇന്ത്യ


SEPTEMBER 28, 2022, 7:23 PM IST

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ഓപ്പണര്‍ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും നടത്തിയ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 

രാഹുല്‍ 56 പന്തില്‍ നാല് സിക്സും രണ്ട് ഫോറോടെ 51 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്ങാണ് ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ വേഗത കൂട്ടിയത്. യാദവ് 33 പന്തില്‍ മൂന്ന് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 50 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്‍സൊന്നും നേടാതെ പുറത്തായി.

മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്‌ലിക്ക് മൂന്ന് റണ്‍സെടുക്കാനാണ് സാധിച്ചത്. ദക്ഷിണാഫ്രിക്കക്കായി ആന്റിച്ച് നോര്‍ട്ട്ജെ, റബാഡ എന്നിവര്‍ ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തു. അര്‍ഷ്വദീപിന്റെയും ദീപക് ചഹാറിന്റെയും ഹര്‍ഷല്‍ പട്ടേലിന്റെയും അശ്വിന്റെയും തകര്‍പ്പന്‍ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോറിങ്ങ് പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചത്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ തെംബ ബവൂമയെ പൂജ്യത്തില്‍ പുറത്താക്കി ദീപക് ചഹാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 

രണ്ടാം ഓവറില്‍ ഒരു റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിന്റെ വിക്കറ്റ് അര്‍ഷ്വദീപ് സ്വന്തമാക്കി. ഞെട്ടലില്‍ നിന്ന് പുറത്തു വരുന്നതിന് മുമ്പ് തന്നെ റിലീ റൂസോയെ അതേ ഓവറില്‍ തന്നെ പൂജ്യത്തില്‍ തിരിച്ചയച്ചുകൊണ്ട് അര്‍ഷ്വദീപ് പ്രഹരം ഇരട്ടിയാക്കി.

നാലാമനായി ഇറങ്ങിയ എയ്ഡന്‍ മാര്‍ക്രത്തിന് മാത്രമാണ് മധ്യനിരയില്‍ തിളങ്ങാനായത്. 24 പന്ത് നേരിട്ട മാര്‍ക്രം മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 25 റണ്‍സ് നേടി. ഡേവിഡ് മില്ലറും ട്രിസ്റ്റണ്‍ സ്റ്റബ്സും റണ്‍സൊന്നും നേടാതെ പുറത്തായി. വെയ്ന്‍ പാര്‍നല്‍ 37 പന്തില്‍ 24 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയുടെ സ്‌കോറിങ്ങില്‍ നിര്‍ണായകമായി. കേശവ് മഹാരാജിന്റെ അവസാന ഓവറിലെ സ്‌കോറിങ്ങാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 100 കടത്തിയത്. കേശവ് 35 പന്തില്‍ അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയില്‍ 41 റണ്‍സ് നേടി മികവ് പുലര്‍ത്തി. ഇന്ത്യക്കായി അര്‍ഷ്വദീപ് സിംഗ് നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റ് നേടി. രവിചന്ദ്രന്‍ അശ്വിന്റെ നാല് ഓവര്‍ സന്ദര്‍ശകരുടെ സ്‌കോറിങ്ങ് നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. ഒരു മെയ്ഡന്‍ ഓവറടക്കം എട്ട് റണ്‍സ് മാത്രമാണ് ഓഫ് സ്പിന്നര്‍ വിട്ടു നല്കിയത്. 

ഒക്ടോബര്‍ രണ്ടിന് ആസമിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രണ്ടാം ടി20 മത്സരം.