ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ആദ്യ വെങ്കല മെഡല്‍ നേടിക്കൊടുത്ത ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് 2021ലെ ലോക ഗെയിംസ് അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു.
ദി വേള്‍ഡ് ഗെയിംസ് ഡോട്ട് ഒ ആര്‍ ജി നടത്തിയ ആഗോള ആരാധകരുടെ വോട്ടെടുപ്പില്‍ 33കാരനായ ശ്രീജേഷ് 24 പേര്‍ ഉള്‍പ്പെടുന്ന നോമിനേഷന്‍ പട്ടികയില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റ് സ്‌പെയിനിന്റെ സ്‌പോര്‍ട്ട് ക്ലൈംബിംഗ് എയ്‌സ് ആല്‍ബെര്‍ട്ട് ഗിനസ് ലോപസിനേക്കാള്‍ ഇരട്ടി വോട്ടുകളാണ് ശ്രീജേഷ് നേടിയത്. ആല്‍ബര്‍ട്ട് ഗിനസിന് 67428 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശ്രീജേഷിന് 127,647 വോട്ടുകളാണ് ലഭിച്ചതെന്ന് ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപോളിന് 2019ലെ സമ്മാനം ലഭിച്ചതിന് ശേഷം പുരസ്‌ക്കാരം നേടുന്ന രണ്ടാമത്തെ ഹോക്കി താരമാണ് ശ്രീജേഷ്.
പുരസ്‌ക്കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായും തനിക്ക് വോട്ട് ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ ഹോക്കി പ്രേമികള്‍ക്കും നന്ദി അറിയിക്കുന്നതായും ആരാധകരും ഹോക്കി പ്രേമികളുമാണ് തന്റെ വിജയത്തിന് പിന്നിലുള്ളതെന്നും പുരസ്‌ക്കാരം അവര്‍ക്ക് സമര്‍പ്പിക്കുന്നതായും ശ്രീജേഷ് പറഞ്ഞു. വ്യക്തിഗത പുരസ്‌ക്കാരത്തിനപ്പുറം ടീമിന്റെ ഭാഗമാണ് താനെന്നും അദ്ദേഹം പറഞ്ഞു.