ആദ്യ കളിയില്‍ ആതിഥേയരെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍


FEBRUARY 21, 2020, 6:45 PM IST

സിഡ്‌നി: വനിതകള്‍ കസറി. ടി20 വനിതാ ഐ സി സി ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്ക് മിന്നുന്ന ജയം. ആതിഥേയരും ലോകചാമ്പ്യന്മാരുമായ ആസ്‌ത്രേലിയയെയാണ് ആദ്യ മ്ത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുത്തിയത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വ്‌നനെങ്കിലും 17 റണ്‍സിന്റെ ജയമാണ് ഇന്ത്യന്‍

വനിതകള്‍ സ്വന്തമാക്കിയത്. നാലു വിക്കറ്റിന് 132 റണ്‍സ് മാത്രമാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് നേടാനായത്. എന്നാല്‍ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ പൂനം യാദവിന്റെ സ്പിന്നിനു മുമ്പില്‍ തലകറങ്ങി വീഴുകയായിരുന്നു. കളി തീരാന്‍ ഒരു പന്തു ബാക്കിയിരിക്കെ എല്ലാവരേയും നഷ്ടമായ ആസ്‌ത്രേലിയ തോല്‍വി സമ്മതിച്ച് മടങ്ങി. 

സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 132.

ആസ്‌ത്രേലിയ 19.5 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്ത്. 

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് പൂനം യാദവ് നാലു വിക്കറ്റ് വീഴ്ത്തിയത്. ഓസീസ് നിരയില്‍ ഓപ്പണര്‍ അലീസ്സ ഹീലി (51), ആഷ്‌ലെ ഗാര്‍ഡ്‌നര്‍ (34) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. 35 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ഹീലി ഓസീസിന്റെ ടോപ്‌സ്‌കോററായത്. രണ്ടിന് 58 എന്ന നിലയില്‍ നിന്നാണ് ഓസീസ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുമ്പില്‍ വീണത്. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ മൂന്നു വിക്കറ്റ് വീഴ്ത്തി. നേരത്തേ മധ്യനിരയില്‍ ദീപ്തി ശര്‍മയുടെ (49 നോട്ടൗട്ട്) ഇന്നിങ്‌സാണ് ഇന്ത്യയെ പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ ഷെഫാലി വര്‍മ (29), ജെമീമ റോഡ്രിഗസ് (26) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സൂപ്പര്‍ താരം സ്മൃതി മന്ദാനയ്ക്കു 10 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രണ്ടു റണ്‍സിനു പുറത്തായി.

Other News