ഐപിഎല്‍ അടുത്ത സീസണിലേക്കുള്ള ലേലം വെള്ളിയാഴ്ച കൊച്ചിയില്‍


DECEMBER 22, 2022, 10:12 AM IST

കൊച്ചി: വരുന്ന ഐപിഎല്‍ സീസണിലേക്കുള്ള ലേലം വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും. മിനി ലേലമാവും കൊച്ചിയില്‍ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കും. കഴിഞ്ഞ സീസണില്‍ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.

പഞ്ചാബ് കിംഗ്‌സിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (2.95 കോടി രൂപ), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (1.55 കോടി രൂപ), രാജസ്ഥാന്‍ റോയല്‍സ് (0.95 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍ക്ക് ബാക്കിയുള്ളത്. ഈ തുകയ്‌ക്കൊപ്പം 5 കോടി രൂപ കൂടി ഫ്രാഞ്ചൈസികള്‍ക്ക് ചെലവഴിക്കാം. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നിലവില്‍ തുകയൊന്നും ബാക്കിയില്ല.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയവര്‍ ലേലത്തില്‍ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.

ലേലത്തില്‍ ഉയര്‍ന്ന വില ലഭിക്കുമെന്ന് കരുതപ്പെടുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍മാരായ സാം കറന്‍, ബെന്‍ സ്റ്റോക്‌സ്, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെയൊക്കെ അടിസ്ഥാനവില 2 കോടി രൂപയാണ്. ഇക്കഴിഞ്ഞ ടി-20 ലോകകപ്പില്‍ പ്ലയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ കറന് പൊന്നും വില ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആകെ 991 പേരാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 714 ഇന്ത്യന്‍ താരങ്ങളും 277 വിദേശ താരങ്ങളുമുണ്ട്. ഇവരില്‍ ലേലത്തിനെത്തുക ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ചേര്‍ന്ന് ഫൈനലൈസ് ചെയ്ത താരങ്ങളാവും. ഡിസംബര്‍ 9നു മുന്‍പ് ഫ്രാഞ്ചൈസികള്‍ ഈ പട്ടിക കൈമാറണം. ആകെ 87 താരങ്ങളെ ഫ്രാഞ്ചൈസികള്‍ക്ക് വാങ്ങാം. ഇതില്‍ 30 പേര്‍ വിദേശതാരങ്ങളാവാം.

ഓസ്‌ട്രേലിയയില്‍ നിന്നാണ് ഏറ്റവുമധികം താരങ്ങള്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 57 താരങ്ങള്‍ ഓസീസില്‍ നിന്ന് ഐപിഎല്‍ ലേലത്തിന്റെ ഭാഗമാവും. എന്നാല്‍ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ ലേലത്തില്‍ ഇല്ല. നായകന്‍ പാറ്റ് കമ്മിന്‍സും ഐപിഎലില്‍ നിന്ന് പിന്മാറി.

Other News