ജീക്സണ്‍ സിങ് 2025 വരെ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും


APRIL 25, 2022, 8:30 PM IST

കൊച്ചി: യുവ മധ്യനിരതാരം ജീക്സണ്‍ സിങ് തൗനോജം ക്ലബ്ബുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അറിയിച്ചു. മൂന്നുവര്‍ഷത്തെ കരാര്‍ പ്രകാരം 2025 വരെ ജീക്‌സണ്‍ ക്ലബ്ബിലുണ്ടാകും. മണിപ്പൂരില്‍ നിന്നുള്ള ജീക്‌സണ്‍ പരിശീലകനായ പിതാവിലൂടെയാണ് ഫുട്ബോള്‍ പരിചയപ്പെടുന്നത്. 11-ാം വയസില്‍ ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാദമിയില്‍ ചേര്‍ന്നായിരുന്നു കരിയര്‍ തുടക്കം. തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ അഞ്ച് വര്‍ഷത്തോളം ഇവിടെ ചെലവഴിച്ചു. 2016ല്‍ മിനര്‍വ പഞ്ചാബിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. തുടര്‍ച്ചയായി രണ്ട് വര്‍ഷം എ ഐ എഫ് എഫ് അണ്ടര്‍ 15, അണ്ടര്‍ 16 യൂത്ത് ലീഗ് കിരീടങ്ങള്‍ നേടിയ അക്കാദമി ടീമില്‍ നിര്‍ണായക താരമായി. 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച ജീക്സണ്‍ സിങ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക ഗോള്‍ നേടി ചരിത്രം സൃഷ്ടിച്ചു. 2017-18 ലെ ഐലീഗില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടി വായ്പാ അടിസ്ഥാനത്തിലും കളിച്ചു. മികച്ച പ്രകടനമാണ് ഇരുപതുകാരന് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീമില്‍ ഇടം നേടിക്കൊടുത്തത്. 2019ല്‍ ബ്ലാസ്റ്റേഴ്സിന്റെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനായി 48 മത്സരങ്ങള്‍ കളിച്ച ജീക്‌സണ്‍ സിംഗ് രണ്ട് ഗോളുകളും നേടി. 187 ടാക്കിള്‍, 35 ഇന്റര്‍സെപ്ഷന്‍ എന്നിവയും ജീക്സണിന്റെ അക്കൗണ്ടിലുണ്ട്. എ എഫ് സി ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള മുന്നൊരുക്ക ക്യാമ്പിനായി ദേശീയ ടീമിനൊപ്പമാണ് നിലവില്‍ ജീക്സണ്‍ സിങ്. സെന്റര്‍ ബാക്ക് ബിജോയിയുമായുള്ള കരാര്‍ ഇതിനകം ബ്ലാസ്റ്റേഴ്സ് ദീര്‍ഘകാലത്തേക്ക് നീട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാഹുല്‍, സഹല്‍ എന്നീ താരങ്ങളുടെ കരാറും ദീര്‍ഘകാലത്തേക്ക് നീട്ടിയിരുന്നു.

Other News