കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വഴിപിരിഞ്ഞ് ജിങ്കന്‍


MAY 22, 2020, 3:55 PM IST

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകനും പ്രതിരോധ നിരയിലെ വൻകിടങ്ങുമായ സന്ദേശ് ജിങ്കൻ ടീമിനോട് വഴി പിരിയുന്നു. ഏതാനും ദിവസങ്ങളായി ജിങ്കന്റെ യാത്രാമൊഴിയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഫേസ്ബുക്ക് പേജിലാണ് ജിങ്കന് യാത്രാമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. 

പരസ്പരം തീരുമാനിച്ച് ബ്ലാസ്റ്റേഴ്‌സും ജിങ്കനും വഴിപിരിയുന്നുവെന്നാണ് എഫ്.ബി പോസ്റ്റിൽ ആദ്യം കുറിച്ചിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിൽ നിന്നും വിട്ടുപോകുന്ന സന്ദേശ് ജിങ്കന് പുതിയ ഇടങ്ങളിൽ മികവ് പ്രകടിപ്പിക്കാനാവട്ടെയെന്നും സ്‌നേഹത്തോടെയുള്ള ആശംസകൾ അറിയിക്കുന്നുവെന്നും ബ്ലാസ്‌റ്റേഴ്‌സ് കുറിക്കുന്നു. 

കഴിഞ്ഞ ആറുവർഷമായി പരസ്പരം വളരാൻ ഇരുവിഭാഗത്തിനും സാധിച്ചതായും രാജ്യത്തെ പ്രതിനിധീകരിച്ച് മികച്ച സെന്റർബാക്കായത് ക്ലബ്ബിന് അഭിമാനകരമായിരുന്നെന്നും ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിൽ പറയുന്നു. ജിങ്കന്റെ തുടർ യാത്രകളിലും തങ്ങൾക്ക് അഭിമാനമുണ്ടാകുമെന്നും ബ്ലാസ്റ്റേഴ്‌സ് കുറിച്ചു. ഒരിക്കലൊരാൾ ബ്ലാസ്റ്ററായാൽ പിന്നീടെല്ലായ്‌പോഴും അയാൾ ബ്ലാസ്റ്ററായിരിക്കുമെന്ന സ്‌നേഹവചനത്തോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ജിങ്കന് യാത്രാ മൊഴി നല്കിയത്. 

ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞ് ഇടംകൈ ഉയർത്തി യാത്ര ചൊല്ലുന്ന ജിങ്കന്റെ ഗ്രാഫിക്കിനോടൊപ്പം നന്ദി സന്ദേശ് ജിങ്കൻ എന്ന പോസ്റ്ററും ബ്ലാസ്‌റ്റേഴ്‌സ് ഷെയർ ചെയ്തിട്ടുണ്ട്. വായ തുറന്ന് ഉറകെ ആരവം മുഴക്കുന്ന ജിങ്കന്റെ മുഖം പോസ്റ്ററിൽ പശ്ചാതലമാക്കിയിട്ടുമുണ്ട്.