റഫറിയിങ് പിഴവ്; മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട് കേരള ബ്ലാസ്റ്റേഴ്സ്


MARCH 3, 2023, 11:00 PM IST

ബംഗളൂരു: ഐ എസ് എല്ലില്‍ റഫറിയിങ് പിഴവ് മൂലം മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫില്‍ അധിക സമയംവരെ പോരാടിയ ബ്ലാസ്റ്റേഴ്സിനെതിരെ ബംഗളൂരു നേടിയ ഗോള്‍ വിവാദമായതോടെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടത്. 

റഫറിയുടെ മോശം തീരുമാനമായിരുന്നു ഗോളിന് കാരണം. സുനില്‍ ഛേത്രിയാണ് അധിക സമയത്തിന്റെ ആദ്യപകുതിയില്‍ ബംഗളൂരുവിനായി ഗോളടിച്ചത്. ഇത് കേരള ബ്ലാസ്റ്റേഴ്‌സ് ചോദ്യം ചെയ്‌തെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് താരങ്ങളെ മൈതാനത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു.

കളിയുടെ പതിനൊന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ജെസെലിന്റെയും ലൂണയുടെയും മികവില്‍ മുന്നേറി. എന്നാല്‍ റഫറി ഓഫ് സൈഡ് വിളിച്ചു. ബംഗളൂരു റോയ് കൃഷ്ണയിലൂടെ മുന്നേറ്റങ്ങള്‍ നടത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടുപ്പിച്ചു. റോയ് കൃഷ്ണയുടെ ഗോള്‍ ശ്രമത്തെ വരയില്‍വച്ച് ജെസെല്‍ ഹെഡ് ചെയ്ത് ഒഴിവാക്കുകയായിരുന്നു. ഒരു തവണ റോയ് കൃഷ്ണയുടെ മികച്ചൊരു നീക്കം ഗില്‍ ഒറ്റക്കാലുകൊണ്ട് തടഞ്ഞു. പ്രബീറിന്റെ ക്രോസില്‍നിന്നുള്ള അപകടവും പ്രതിരോധം ഒഴിവാക്കി. പിന്നാലെ ലൂണയുടെ മികച്ച നീക്കം ജിങ്കന്‍ തടഞ്ഞു.

76-ാം മിനിറ്റില്‍ പരിക്കേറ്റ ജെസലിന് പകരം ആയുഷും കളത്തിലെത്തി. അവസാന ഘട്ടങ്ങളില്‍ കളിമുറുകി. 85-ാം മിനിറ്റില്‍ രാഹുലിന്റെ തകര്‍പ്പന്‍ ക്രോസില്‍ ലൂണ തലവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. സഹലിന്റെ ക്രോസും ലക്ഷ്യം കാണാതെ പറന്നു. 90-ാം മിനിറ്റില്‍ ലൂണയുടെ ഹെഡറും വല കണ്ടില്ല. അവസാന നിമിഷം ലെസ്‌കോച്ചിന്റെ അളന്നുമുറിച്ച പാസ് രാഹുല്‍ വലയിക്കാന്‍ നോക്കിയെങ്കിലും സന്ധു പിടിച്ചെടുത്തു.

ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റില്‍തന്നെ രാഹുലിന്റെ ക്രോസ് ലൂണയുടെ കാലില്‍തട്ടിത്തെറിച്ചു. എന്നാല്‍ 97-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഫ്രീകിക്കില്‍ ബംഗളൂരു സെമിയില്‍ കടന്നു. റഫറിയുടെ വിസല്‍ മുഴങ്ങുന്നതിന് മുമ്പായിരുന്നു ഛേത്രി കിക്ക് എടുത്തത്. ഗോള്‍ കീപ്പര്‍ ഗില്‍വരെ ഒരുങ്ങിയിരുന്നില്ല. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കളംവിട്ടു.

Other News