കേരള പ്രീമിയര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്സിന് സമനില


MARCH 27, 2021, 7:12 PM IST

കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ കോതമംഗലം മാര്‍ അത്തനേഷ്യസ് (എം എ) ഫുട്ബോള്‍ അക്കാദമിയോടാണ് ബ്ലാസ്റ്റേഴ്സ് 1-1ന് സമനിലയില്‍ പിരിഞ്ഞത്. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്സ് 56-ാം മിനുറ്റില്‍ വി എസ് ശ്രീക്കുട്ടനിലൂടെ ലീഡ് നേടിയെങ്കിലും 73-ാം മിനുറ്റില്‍ എം എ ഫുട്ബോള്‍ അക്കാദമി ഒപ്പമെത്തി. മുഹമ്മദ് ഫായിസാണ് സമനില ഗോള്‍ നേടിയത്. ചടുലനീക്കങ്ങളുമായി കളം നിറഞ്ഞുകളിച്ച ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ഒ എം ആസിഫാണ് കളിയിലെ താരം. ഇതോടെ ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന് ഒരു പോയിന്റായി. ഏപ്രില്‍ നാലിന് ഗോള്‍ഡന്‍ ത്രെഡ്സ് എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 

കഴിഞ്ഞ മത്സരത്തില്‍ നിന്ന് നാലു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് എം എ അക്കാദമിക്കെതിരെ ഇറങ്ങിയത്. സച്ചിന്‍ സുരേഷ്, ബിജോയ് വി, സലാഹുദ്ദീന്‍ അദ്നാന്‍, ഷഹജാസ് ടി, ആസിഫ് ഒ എം, റോഷന്‍ ജിജി, സുരാഗ് ഛേത്രി, നിഹാല്‍ സുദീഷ്, യോയ്ഹെന്‍ബ മെയ്തെ, പ്രഫുല്‍ കുമാര്‍, ശ്രീകുട്ടന്‍ വി എസ് എന്നിവരായിരുന്നു ബ്ലാസ്റ്റേഴ്സ് നിരയില്‍. തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചു. 14-ാം മിനുറ്റില്‍ എം എയുടെ ഒരു ഗോള്‍ ശ്രമം സച്ചിന്‍ സുരേഷ് മുന്നില്‍ കയറി തടഞ്ഞു. തൊട്ടടുത്ത മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിനും ഒരു അവസരം ലഭിച്ചു. ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് കൃത്യം ഗോളിയുടെ കയ്യിലായി. കോര്‍ണര്‍ കിക്കിനൊടുവില്‍ വി എസ് ശ്രീക്കുട്ടന്‍ തൊടുത്ത ഒരു ഷോട്ടും ഫലം കണ്ടില്ല. ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചു. 40-ാം മിനുറ്റില്‍ മുന്നിലെത്താനുള്ള സുവര്‍ണാവസരം പാഴായി. ബോക്സിന് അകത്തേക്ക് റോഷന്‍ ജിജിയുടെ അളന്നുമുറിച്ചൊരു ക്രോസെത്തി. അപകടം മണത്ത് ബോക്സിന് മുന്നിലേക്ക് അഡ്വാന്‍സ് ചെയ്ത ഗോളിയെ മറികടന്ന് നിഹാല്‍ സുദീഷ് ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യം കാണാനായില്ല. തൊട്ടുപിന്നാലെ എം എയുടെ അഭിലാഷിന്റെ ഒരു ബൈസിക്കിള്‍ കിക്ക് ശ്രമം പോസ്റ്റിനോട് ചേര്‍ന്ന് പുറത്തായി. 

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ കരുത്തോടെ കളിച്ചു. റോഷന്‍ ജിജിക്ക് പകരം ദീപ്സാഹ കളത്തിലെത്തി. നിരന്തര ശ്രമങ്ങള്‍ക്ക് 56-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് ഫലം കണ്ടു. മൈതാന പകുതിയുടെ വലത് ഭാഗത്ത് നിന്ന് ബോക്സ് ലക്ഷ്യമാക്കിയ ക്യാപ്റ്റന്‍ ടി ഷഹജാസിന്റെ ക്രോസ്

ക്ലിയര്‍ ചെയ്യാന്‍ എം എയുടെ ആദില്‍ അമന്‍ ഹെഡറിന് ശ്രമിച്ചു. അപകടം ഒഴിവാക്കാനായില്ല, തൊട്ടരികിലുണ്ടായിരുന്ന ശ്രീകുട്ടന്‍ പന്തുമായി ഒറ്റയ്ക്ക് ബോക്‌സിലേക്ക് കുതിച്ചു. മൂന്ന് പ്രതിരോധ താരങ്ങളെയും മറികടന്ന് പന്ത് വലയിലെത്തിച്ചു. തൊട്ടടുത്ത മിനുറ്റില്‍ ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് മറ്റൊരു അവസരം. പക്ഷേ ദീപ്സാഹയുടെ ലക്ഷ്യം ബാറിന് മുകളില്‍ പറന്നു. 77-ാം മിനുറ്റില്‍ എം എ അക്കാദമി സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ കെ മുഹമ്മദ് ഫായിസായിരുന്നു സ്‌കോറര്‍. പരിക്ക് സമയത്ത് ഒരു മാറ്റം കൂടി ബ്ലാസ്റ്റേഴ്സ് വരുത്തി. പ്രഫുല്‍ കുമാറിന് പകരം ആര്‍.റിതീഷ് ഇറങ്ങി. അധിക സമയത്ത് എം എ അക്കാദമിയുടെ ഒരു വിജയഗോള്‍ ശ്രമം സച്ചിന്‍ സുരേഷ് അഡ്വാന്‍സ് ചെയ്ത് വിഫലമാക്കിയതോടെ കളി സമനിലയില്‍ പിരിഞ്ഞു.