കിരൺ മോറെ യു.എസ് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് ഉപദേഷ്ടാവാകും


JULY 16, 2019, 8:08 PM IST

ന്യുയോർക്ക്: 2020 ൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെ യു.എസ് ക്രിക്കറ്റ് ടീം പുതിയ കോച്ചുമാരുടെ സംഘത്തെ നിയമിക്കുന്നു. യു.എസ്എ ക്രിക്കറ്റ് പത്രപ്രസ്താവനയിലൂടെ അറിയിച്ചതാണ് ഈകാര്യം. മുൻ കോച്ചായ പുബുഡു ദസാനനായകെ രാജിവച്ചതിനെ തുടർന്നാണ് കോച്ചിംഗ് സംഘത്തിൽ മാറ്റമുണ്ടായിരിക്കുന്നത്. 

മുൻ ഇന്ത്യൻ ഇന്റർനാഷണൽ വിക്കറ്റ് കീപ്പറും സെലക്ടറുമായ കിരൺ മോറെ ആയിരിക്കും കോച്ചിംഗ് സംഘത്തിന്റെ ഉപദേശകസ്ഥാനത്ത് വരിക.  പ്രവീൺ ആറെയെ ബാറ്റിംഗ് കോച്ചായും സുനിൽ ജോഷിയെ സ്പിൻ ബൗളിംഗ് കോച്ചായും ജെയിംസ് പാമന്റിനെ ഫീൽഡിംഗ് കോച്ചായും നിയമിക്കും. ഇതിന് പുറമെ മുൻ വെസ്റ്റ് ഇൻഡീസ് ഇന്റർനാഷണലായ കീരൻ പവൽ,ഓസ്‌ട്രേലിയൻ ബൗളർ ഡേവിഡ് സേക്കർ എന്നിവരും ഉപദേശകസമിതിയിലുണ്ടാകും. 

ഹോങ്കോങ്ങിനെ തോൽപിച്ച് അന്തർദ്ദേശീയ ഏകദിനം കളിക്കാൻ യോഗ്യത നേടിയ യു.എസ് ടീം ഭാവിയിലും സമാന പ്രകടനം തുടരുമെന്ന് കരുതുന്നതായി യു.എസ്.എക്രിക്കറ്റ് പത്രക്കുറിപ്പിൽ പറയുന്നു.