ഇന്ത്യയെ കിവികള്‍ 'വൈറ്റ് വാഷ്' ചെയ്തു


FEBRUARY 11, 2020, 5:09 PM IST

മൗണ്ട് മാംഗനൂയി: ഡല്‍ഹിയില്‍ ആം ആദ്മിയും ന്യൂസിലാന്റില്‍ കിവികളും തൂത്തുവാരി. ഒരുജയമെങ്കിലും നേടി മാനം കാക്കാമെന്ന് കരുതിയ ഇന്ത്യന്‍ പടയെ വൈറ്റ് വാഷ് ചെയ്ത് കിവിപ്പക്ഷികള്‍ കപ്പ് കൊത്തിപ്പറന്നു. 

സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 296ന് 7. ന്യൂസിലാന്റ് 47.5 ഓവറില്‍ 5 വിക്കറ്റിന് 300.

ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ന്യൂസിലാന്റ് മുഴുവന്‍ മത്സരങങളും സ്വന്തമാക്കി. നേരത്തെ അഞ്ച് മത്സരങ്ങളുണ്ടായിരുന്ന ടി-20 പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീമിനോടുള്ള മധുര പ്രതികാരം കൂടിയായി ന്യൂസിലാന്റിന്റെ വിജയം. 

ഓപ്പണര്‍മാര്‍ പാകിയ അടിത്തറയില്‍ മധ്യനിര  അവസരത്തിനൊത്തുയര്‍ന്ന് സ്‌കോര്‍ പടുത്തുയര്‍ത്തിയതോടെയാണ് കിവീസ് വിജയം അനായാസമായത്. ഇന്ത്യന്‍ പക്ഷത്ത് കെ എല്‍ രാഹുല്‍ സെഞ്ച്വറി കരസ്ഥമാക്കിയപ്പോള്‍ ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്റ്‌ഹോം വെടിക്കെട്ട് അര്‍ധശതകമാണ് സ്വന്തമാക്കിയത്.  ഗ്രാന്റ്‌ഹോം 28 പന്തില്‍ നിന്നാണ് 58 റണ്‍സുമായി പുറത്താവാതെ നിന്നത്. ഉപനായകന്‍ ടോം ലതാം 34 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു.

കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും സമ്മര്‍ദ്ദമില്ലാതെയാണ് ന്യൂസിലാന്റ് കളിച്ചത്. 

ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സും മാര്‍ട്ടിന്‍ ഗപ്ടിലും ചേര്‍ന്ന് ന്യൂസിലാന്റിന് മികച്ച തുടക്കമാണ് നല്‍കിയത്. ഗപ്ടില്‍ ഒരു ഭാഗത്ത് ആക്രമിച്ച് കളിച്ചപ്പോള്‍ നിക്കോള്‍സ് ശ്രദ്ധയോടെ നിലയുറപ്പിക്കാനാണ് ശ്രമിച്ചത്. 

അഞ്ചാമതായി ഇറങ്ങി സെഞ്ച്വറി നേടിയ കെ.എല്‍ രാഹുല്‍ ഏകദിനത്തിലെ തന്റെ നാലാം ശതമകമാണ് പൂര്‍ത്തിയാക്കിയത്. 

ന്യൂസിലാന്റിനെതിരെ ബാറ്റിങ് ആരംഭിച്ച് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ന്ഷ്ടമായിരുന്നു. ഒരു റണ്‍ മാത്രമെടുത്താണ് മായങ്ക് മടങ്ങിയത്. ക്രീസില്‍ നിലയുറപ്പിച്ച പൃഥ്വി ഷാ 42 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത് റണ്‍ ഔട്ടായി മടങ്ങി. വിരാട് കോലി 12 പന്തില്‍ നിന്ന് 9 റണ്‍സെടുത്തും മടങ്ങി. 21 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സാണെടുത്തത്.

ടോസ് നേടിയ ന്യൂസിലന്റ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

പരിക്ക് കാരണം ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന നായകന്‍ കെയ്ന്‍ വില്യംസണ്‍ ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന സവിശേഷത. 

Other News