മൂന്നു വിക്കറ്റ് കൊയ്‌തു ജയത്തോടെ മലിംഗ ഏകദിനത്തിന്റെ പടിയിറങ്ങി


JULY 27, 2019, 4:03 AM IST

കൊളംബോ: ശ്രീലങ്കൻ പേസ്‌ ഇതിഹാസം ലസിത്‌ മലിംഗ കളിച്ച അവസാന ഏകദിന ക്രിക്കറ്റ്‌ മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് 91 റൺസ് ജയം. അവസാന ഏകദിനം കളിച്ച മലിംഗ 38 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 226 ഏ​ക​ദി​ന​ങ്ങ​ളി​ല്‍​നി​ന്ന് 338 വി​ക്ക​റ്റാ​ണ് ഇ​തോ​ടെ മ​ലിം​ഗ​യ്ക്കു​ള്ള​ത്.  

ബംഗ്ലാദേശിന്റെ അവസാന ബാറ്റ്‌സ്‌മാൻ മുസ്‌താഫിസുര്‍ റഹ്‌മാനെ (18) അവസാന ഓവറിൽ പുറത്താക്കിക്കൊണ്ടാണ് മലിംഗ ഏകദിന കരിയർ ഉജ്ജ്വലമായി അവസാനിപ്പിച്ചത്.

ബംഗ്ലാദേശിനെതിരേ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക എട്ട്‌ വിക്കറ്റിന്‌ 314 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ 41.4 ഓവറില്‍ 223 റണ്ണിന്‌ ഓള്‍ഔട്ടായി. മത്സരത്തിനു മുമ്പായി ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കിയാണ്‌ സഹതാരങ്ങള്‍ മലിംഗയെ ആദരിച്ചത്‌. 

സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്‌സ്‌മാൻ കുശാല്‍ പെരേരയുടെ മികച്ച ബാറ്റിങ്ങാണ്‌ ലങ്കയ്‌ക്കു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്‌. 99 പന്തില്‍നിന്ന്‌ ഒരു സിക്‌സറും 17 ഫോറുകളുമടക്കം പെരേര 111 റൺസ് നേടി. 48 റൺസുമായി മുന്‍ നായകന്‍ എയ്‌ഞ്ചലോ മാത്യൂസും 43 റണ്‍സുമായി കുശാല്‍ മെന്‍ഡിസും 36 റണ്‍സുമായി നായകന്‍ ദിമുത്‌ കരുണരത്നയും പെരേരയ്‌ക്കു മികച്ച പിന്തുണ നല്‍കി.

ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നേരത്തെ വിരമിച്ച ടി20 യിൽ തുടരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

Other News