മലിംഗ ഏകദിന കുപ്പായം അഴിക്കുന്നു;ടി20  ലോകകപ്പിൽ കളിക്കാനാകുമെന്ന് പ്രതീക്ഷ


JULY 24, 2019, 1:10 AM IST

കൊളംബൊ:ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു.ഈ മാസം 26ന് ശ്രീലങ്കയിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ മത്സരമാകും  മലിംഗയുടെ അവസാന ഏകദിനം.ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്നോട് മലിംഗ ഇക്കാര്യം പറഞ്ഞുവെന്നും ബാക്കിയൊന്നും അറിയില്ലെന്നും കരുണരത്‌നെ മാധ്യമങ്ങളോടു പറഞ്ഞു.

ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കളിക്കാനാവുമെന്ന് മലിംഗ പിന്നീട് പ്രതീക്ഷ പ്രകടിപ്പിച്ചു.തുടർന്ന് ടി20യില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. എന്നാല്‍  മികച്ച താരങ്ങളുണ്ടായാല്‍ തീര്‍ച്ചയായും വഴിമാറികൊടുക്കുമെന്ന് കൊളംബോയില്‍ പരിശീലനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് മലിംഗ പറഞ്ഞു. 

2004-ല്‍ യു എ ഇയ്‌ക്കെതിരായ മത്സരത്തിൽ അരങ്ങേറിയ മലിംഗ 219 ഏകദിനത്തില്‍ കളിച്ചു.ലങ്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് .335 വിക്കറ്റാണ് മലിംഗ കൊയ്‌തത്‌.മുത്തയ്യ മുരളീധരന്‍(523 വിക്കറ്റ്) ചാമിന്ദ വാസ്(399 വിക്കറ്റ്) എന്നിവരാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ.കഴിഞ്ഞ ലോകകപ്പില്‍ 13 വിക്കറ്റുകളാണ് മലിംഗ വീഴ്ത്തിയത്.2011-ൽ മലിംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചിരുന്നു.