യു എസിനൊരു ഒളിംപിക് സ്വര്‍ണം സ്വപ്‌നം കണ്ട് മലയാളി പയ്യന്‍


JULY 25, 2021, 10:05 PM IST

കണ്ണൂര്‍: ടോക്യോ ഒളിംപിക്‌സില്‍ മംഗോളിയയുടെ എന്‍ക്ബാത് ലഖ്വസറിനെതിരെ യു എസ് താരം നിഖില്‍ കുമാര്‍ പ്രാഥമിക റൗണ്ടില്‍ വിജയിച്ചപ്പോള്‍ ആഘോഷം നടന്നത് കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഗ്രാമത്തിലായിരുന്നു. ഇന്ത്യന്‍ അമേരിക്കനാണ് നിഖില്‍ കുമാര്‍. 

പയ്യന്നൂര്‍ പിലാത്തറയിലാണ് നിഖില്‍ കുമാറിന്റെ വേരുകളുള്ളത്. പതിനെട്ടുകാരനായ നിഖില്‍ കുമാര്‍ യു എസിലാണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും പിലാത്തറയിലെ നരീക്കാംവള്ളിയില്‍ സി കുമാറിന്റെ ചെറുമകനാണ് നിഖില്‍. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ ശശി കുമാറിന്റേയും ബിന നമ്പ്യാറിന്റേയും മകനാണ് നിഖില്‍. കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണ് അവര്‍ താമസിക്കുന്നത്. 

ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ടേബിള്‍ ടെന്നീസ് താരങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നിഖില്‍ കുമാര്‍. സിംഗിള്‍സ്, ഡബിള്‍സ് ഇനങ്ങളില്‍ യു എസിനെ പ്രതിനിധീകരിക്കുന്ന നിഖില്‍ അമേരിക്കന്‍ ടേബിള്‍ ടെന്നീസ് താരങ്ങളിലെ വളര്‍ന്നു വരുന്ന താരങ്ങളില്‍ പ്രമുഖനാണ്. ഒന്‍പതാം വയസ്സില്‍ ടേബിള്‍ ടെന്നീസ് ദേശീയ ടൂര്‍ണമെന്റുകളില്‍ കളി തുടങ്ങിയ നിഖില്‍ 11-ാം വയസ്സിലാണ് ആദ്യ അന്തരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്തത്. കാനഡയില്‍ നടന്ന ഐ ടി ടി എഫ് ജൂനിയര്‍ കേഡറ്റ് മത്സരമായിരുന്നു നിഖിലിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം.

2013 മുതല്‍ രംഗത്തുള്ള ഇടങ്കയ്യന്‍ നിഖില്‍ യു എസ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ അണ്ടന്‍ നൈന്‍ ചാംപ്യനും അണ്ടര്‍ ടെന്‍ റണ്ണറപ്പുമായിരുന്നു. 2017ല്‍ പതിനാലാം വയസ്സിലാണ് യു എസ് പുരുഷ ദേശീയ ടീമിലേക്ക് നിഖില്‍ യോഗ്യത നേടിയത്. സിംഗിള്‍സില്‍ രണ്ടാം സ്ഥാനത്തെത്തിയായിരുന്നു നിഖില്‍ നേട്ടം കൊയ്തത്. 

2019ലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ നിഖില്‍ പുരുഷന്മാരുടെ അണ്ടര്‍ 21 വിഭാഗത്തില്‍ 2020 ഐ ടി ടി എഫ് പോര്‍ച്ചുഗല്‍ ഓപണില്‍ വെങ്കല മെഡല്‍ ജേതാവാണ്. 

യു എസിലെ കോളജ് ടേബിള്‍ ടെന്നീസിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാത്ത നാഷണല്‍ കോളീജിയറ്റ് ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ വെസ്റ്റ് സോണ്‍ ഡയറക്ടറാണ് നിഖില്‍.

ആറാം വയസ്സില്‍ കായിക രംഗത്ത് എത്തിയ ഈ പ്രതിഭ കാലിഫോര്‍ണിയയിലെ സാന്താ ക്ലാര ആസ്ഥാനമായുള്ള സ്പാര്‍ട്ടന്‍സ് ടേബിള്‍ ടെന്നീസ് ക്ലബ്ബിലാണ് പരിശീലിക്കുന്നത്. 2014 മുതല്‍ ചൈനീസ് കോച്ച് താവോ വെന്‍ഷാങിന്റെ കീഴിലാണ് നിഖിലിന്റെ പരിശീലനം.