വീണ്ടും മലിംഗ മാജിക്:നാല് പന്തില്‍ നാല് വിക്കറ്റ്,ട്വന്റി20യിൽ 100 വിക്കറ്റ് 


SEPTEMBER 7, 2019, 12:05 AM IST

കാൻഡി:ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത് ശ്രീലങ്കന്‍ പേസർ ലസിത് മലിംഗ. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ഹാട്രിക് തികച്ച മലിംഗ തുടര്‍ച്ചയായ നാല് പന്തുകളില്‍ നിന്ന് നാല് വിക്കറ്റ് നേടി. കോളിന്‍ മണ്‍റോ, ഹാമിഷ് റൂഥര്‍ഫോര്‍ഡ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, റോസ് ടെയ്‌ലർ എന്നിവരാണ് മലിംഗക്കു മുന്നില്‍ അടിയറവ് പറഞ്ഞത്.

മലിംഗ തന്റെ രണ്ടാം ഓവറിന്റെ മൂന്നാം പന്തിലാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ആദ്യം കോളിന്‍ മണ്‍റോയെ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ റൂഥര്‍ഫോര്‍ഡിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി. തൊട്ടടുത്ത പന്തില്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ കുറ്റി തെറിപ്പിച്ച് ഹാട്രിക്. അവസാന പന്തില്‍ റോസ് ടെയ്‌ലറെയും എല്‍ ബി ഡബ്‌ള്യുവിൽ കുരുക്കിയതോടെ തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റ്.

ഇതിനു പുറമേ ട്വന്റി20യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായും 36 കാരനായ മലിംഗ മാറി. പാകിസ്‌താന്‍ താരം ഷാഹിദ് അഫ്രീദിയുടെ 97 വിക്കറ്റുകളെന്ന റെക്കോര്‍ഡാണ് മലിംഗ മറികടന്നത്. തന്റെ 76ാം മല്‍സരത്തിലാണ് അദ്ദേഹം 100 വിക്കറ്റ് നേട്ടം തികച്ചത്. അഞ്ചാം ഓവറില്‍ ടിം സീഫെര്‍ട്ടിനെ പുറത്താക്കിയതിലൂടെ  ട്വന്റി20 കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടവും മലിംഗ സ്വന്തമാക്കി.

ട്വന്റി20യിലെ മലിംഗയുടെ രണ്ടാമത്തെ ഹാട്രിക്ക് നേട്ടമാണിത്.ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാമത്തെ 4 വിക്കറ്റ് നേട്ടം കൂടിയുമാണ്.നേരത്തെ ഏകദിനത്തിലും മലിംഗ തുടര്‍ച്ചയായ നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു .

ബാറ്റിംഗില്‍ നേടാനായത് വെറും 125 റണ്‍സാണെങ്കിലും ലസിത് മലിംഗയുടെ മാന്ത്രിക സ്പെല്ലില്‍ ടി20 പരമ്പരയില്‍ ശ്രീലങ്ക ആശ്വാസ വിജയം നേടി. ന്യൂസിലൻഡിനെ 88 റണ്‍സിന് ഓള്‍ഔട്ട് ആക്കി 37 റണ്‍സിന്റെ ജയമാണ് പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ ശ്രീലങ്ക സ്വന്തമാക്കിയത്.ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച്‌ ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയിരുന്നു .