ഇന്ത്യയുടെ അമിതും മനീഷും ലോകബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ചു


SEPTEMBER 18, 2019, 6:17 PM IST

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് അമിത് പംഗലും മനീഷ് കൗഷിക്കും സെമിഫൈനലില്‍ പ്രവേശിച്ചതോടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ ഉറപ്പായി. അമിത് പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തിലും മനീഷ് 63 കിലോഗ്രാം വിഭാഗത്തിലുമാണ് സെമിയിലെത്തിയത്. ആദ്യമായാണ്  ഇരുവരും ആദ്യത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലിന് അര്‍ഹരാകുന്നത്.

രണ്ടാം സീഡായ അമിത് ഫലിപ്പീന്‍സിന്റെ കാര്‍ലോ പാലമിനെ തോല്‍പിച്ചാണ് സെമിയിലെത്തിയത്. സ്‌കോര്‍: 4-1. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസ് സെമിയിലും അമിത് പാലമിനെ തോല്‍പിച്ചിരുന്നു.മനീഷ് 63 കിലോഗ്രാം വിഭാഗത്തില്‍ ബ്രസീലിന്റെ വാര്‍ഡേര്‍സണെയാണ് ഏകപക്ഷീയമായ പോരാട്ടത്തില്‍ തോല്‍പിച്ചത്. സ്‌കോര്‍: 5-0.

കസാക്കിസ്താന്റെ സാകെന്‍ ബിബോസ്സിനോവാണ് സെമിയില്‍ അമിതിന്റെ എതിരാളി. യൂറോപ്പ്യന്‍ ചാമ്പ്യനും ആറാം സീഡുമായ അര്‍മേനിയയുടെ ആര്‍തര്‍ ഹൊവനിസ്യനെ തോല്‍പിച്ചാണ് സാകെന്‍ സെമിയിലെത്തിയത്.കഴിഞ്ഞ വര്‍ഷത്തെ ലോകചാമ്പ്യന്‍ഷിപ്പില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച അമിത് ക്വാര്‍ട്ടര്‍ഫൈലില്‍ ലോകചാമ്പ്യന്‍ ഹസന്‍ബോയ് ദുസ്മതോവിനോട് തോറ്റ് പുറത്തായിരുന്നു.