ഇന്ത്യയ്ക്ക് ആദ്യ നേട്ടം വെള്ളിയില്‍; ഭാരമുയര്‍ത്തി മീരാഭായ് ചാനു മെഡല്‍ നേടി


JULY 24, 2021, 9:29 PM IST

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു സ്വന്തമാക്കി. 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് മണിപ്പൂര്‍ സ്വദേശിയായ ചാനു വെള്ളി മെഡല്‍ സ്വന്തമാക്കിയത്. നീണ്ട 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഭാരോദ്വഹനത്തില്‍ മെഡല്‍ സ്വന്തമാക്കുന്നത്. ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം സിഹുയി ഹോയ് ആണ് സ്വര്‍ണം സ്വന്തമാക്കിയത്. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താന്‍ സ്വപ്‌നം കാണുന്ന നിമിഷമാണിതെന്നും രാജ്യത്തിനായി മെഡല്‍ നേടാനായതില്‍ അഭിമാനിക്കുന്നുവെന്നും ചാനു പറഞ്ഞു. സ്വര്‍ണം നേടാനാണ് പരിശ്രമിച്ചതെങ്കിലും വെള്ളി മെഡല്‍ വലിയ ബഹുമതിയാണെന്നും അവര്‍ വിശദീകരിച്ചു. രാജ്യത്തിന് ആദ്യത്തെ മെഡല്‍ നേടാനായതും അഭിമാനമാണെന്നും അവര്‍ പറഞ്ഞു. 

2000 സിഡ്‌നി ഒളിംപിക്‌സില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം കരസ്ഥമാക്കിയ കര്‍ണം മല്ലേശ്വരിയാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി അവസാനമായി നേട്ടം കൊയ്തത്. 

ഒളിംപിക്‌സില്‍ നിന്നും ഉത്തര കൊറിയ പിന്മാറിയതോടെ രണ്ട് താരങ്ങള്‍ ഒഴിവായത് ചാനുവിന്റെ ലോക റാങ്കിംഗ് നാലില്‍ നിന്ന് രണ്ടിലേക്ക് എത്തിയിരുന്നു.