ലയണല്‍ മെസി ബാഴ്‌സലോണ വിട്ടു എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്ലബ്


AUGUST 6, 2021, 8:22 AM IST

ബാഴ്‌സലോണ:  ലയണല്‍ മെസി ബാഴ്‌സലോണ വിട്ടു എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമായി. താരം ഇനി ക്ലബിനൊപ്പം തുടരില്ലെന്ന് ബാഴ്‌സലോണ തന്നെ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തിക, സാങ്കേതിക കാരണങ്ങള്‍ കൊണ്ട് താരം ക്ലബ് വിടുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.

മെസിയുടെ കരാര്‍ പുതുക്കാനുള്ള ബാഴ്‌സലോണയുടെ ശ്രമം പരാജയപ്പെട്ടു എന്നാണ് പ്രമുഖ ഫുട്‌ബോള്‍ മാധ്യമമായ ഗോള്‍ഡോട്ട്കോം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെസിയും പിതാവും ബാഴ്‌സലോന പ്രസിഡന്റ് യുവാന്‍ ലപോര്‍ട്ടയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നും കരാര്‍ നീട്ടാന്‍ മെസി വിസമ്മതിച്ചു എന്നുമായിരുന്നു റിപ്പോര്‍ട്ട്. വ്യാഴാഴ്ച മെസിയുമായുള്ള കരാര്‍ ഒപ്പുവെക്കാനാണ് ബാഴ്‌സലോണ തീരുമാനിച്ചിരുന്നത്.

മെസിയുമായി ബാഴ്‌സലോണ കരാര്‍ ദീര്‍ഘിപ്പിക്കുക എന്നത് അസാധ്യമാണെന്ന് ചില സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാഴ്‌സ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളും ഇത്തരത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്ലബ് പ്രസിഡന്റിന് ഇക്കാര്യം വ്യക്തമായെന്നും ഏറെ വൈകാതെ ഔദ്യോഗിക തീരുമാനം ഉണ്ടാവുമെന്നും മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, മെസി ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്ന് ജൂണ്‍ ആദ്യം പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. താരം ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറി കൂടി ഒപ്പുവച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് താരം അഞ്ച് വര്‍ഷത്തേക്ക് ക്ലബുമായി കരാറില്‍ ഏര്‍പ്പെട്ടു എന്നും ഇക്കാര്യത്തില്‍ ഉടന്‍ ഔദ്യോഗിക പ്രതികരണം ഉണ്ടാവുമെന്നും സൂചനകള്‍ പുറത്തുവന്നു. ഇതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍.

മെസിയുടെ നിലവിലെ ശമ്പളം പരിഗണിക്കുമ്പോള്‍ അത് ലാ ലിഗ സാലറി ക്യാപ്പിനു പുറത്തുപോകുമെന്നും ബാഴ്‌സ പുതുതായി സൈന്‍ ചെയ്ത സെര്‍ജിയോ അഗ്യൂറോ അടക്കമുള്ള താരങ്ങളെ കളിപ്പിക്കാന്‍ കഴിയില്ലെന്നുമുള്ള പ്രതിസന്ധി നിലനിന്നിരുന്നു. ഇത് പരിഗണിച്ച് മെസി 50 ശതമാനം ശമ്പളം കുറയ്ക്കാമെന്ന് സമ്മതിച്ചിരുന്നു. 600 മില്ല്യണ്‍ ഡോളര്‍ ആണ് റിലീസ് ക്ലോസ്. ഈ നിബന്ധനകളൊക്കെ ഉള്‍പ്പെടുത്തിയായിരുന്നു അഞ്ച് വര്‍ഷത്തെ കരാര്‍.

ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്റായ ബോര്‍ഡ് മെസിയെ ക്ലബില്‍ നിലനിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ബാര്‍തോമ്യുവിനെതിരെയും ബോര്‍ഡിനെതിരെയും ആഞ്ഞടിച്ച താരം കരാര്‍ അവസാനിക്കുമ്പോള്‍ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോര്‍ഡിന്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുതിയ പ്രസിഡന്റ് യുവാന്‍ ലാപോര്‍ട്ട എത്തി. മെസി ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോര്‍ട്ട പറഞ്ഞിരുന്നു.