മെസ്സി കളിക്കളത്തി്ല്‍ നിന്ന് വിരമിക്കുന്നു


DECEMBER 15, 2022, 7:33 AM IST

കാല്‍പ്പന്തുകളിയിലെ രാജാക്കന്‍മാരില്‍ ഒരാള്‍ യുദ്ധഭൂമിയില്‍ നിന്നും വിടവാങ്ങാന്‍ തയ്യാറെടുക്കുന്നു. അര്‍ജന്റൈന്‍ ഇതിഹാസവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും പടിയിറങ്ങുന്നത്. ഇപ്പോള്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഫൈനല്‍ കരിയറിലെ അവസാന മല്‍സരമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊലിഞ്ഞിരുന്നു. ഇതോടെ അദ്ദേഹം വിരമിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിരമിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് റോണോയെന്നാണ് പുറത്തുവരുന്ന വിവരം.

ക്രൊയേഷ്യയെ 3-0നു തകര്‍ത്ത് അര്‍ജന്റീന ഫൈനലിലേക്കു മുന്നേറിയതിനു പിന്നാലെയായിരുന്നു ലയണല്‍ മെസ്സി തന്റെ ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞത്. കളിയില്‍ ഒരു ഗോള്‍ നേടിയ അദ്ദേഹം ഒരു അസിസ്റ്റും നല്‍കിയിരുന്നു. കരിയറിലെ അവസാനത്തെ മല്‍സരം ലോകകപ്പ് ഫൈനലില്‍ കളിച്ച് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അടുത്ത ലോകകപ്പിനു ഇനിയും വര്‍ഷങ്ങളുണ്ട്. എനിക്ക് അതിന്റെ ഭാഗമാവാന്‍ കഴിയുമെന്നു കരുതുന്നില്ല. ഈ രീതിയില്‍ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത് വളരെ മികച്ചതാണെന്നും മെസ്സി വ്യക്തമാക്കി.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ലയണല്‍ മെസ്സിയാണ്. അദ്ദേഹത്തിന്റെ മാജിക്കല്‍ പ്രകടനമാണ് ടീമിനെ കിരീടത്തിനു കൈയെത്തുംദൂരത്ത് എത്തിച്ചിരിക്കുന്നത്. ഫൈനല്‍ വരെയുള്ള യാത്രയില്‍ ആറു മല്‍സരങ്ങളിലാണ് അര്‍ജന്റീന കളിച്ചത്. ഇതില്‍ നാലെണ്ണത്തില്‍ മെസ്സിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. അഞ്ചു ഗോളുകളും അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.

ക്രൊയേഷ്യക്കെതിരായ സെമി ഫൈനലില്‍ പല റെക്കോര്‍ഡുകളും ലയണല്‍ മെസ്സി തന്റെ പേരിലാക്കിയിരുന്നു. ഏറ്റവുമധികം ലോകകപ്പ് മല്‍സരങ്ങള്‍ കളിച്ച ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേവൂസിനൊപ്പം അദ്ദേഹമെത്തി. ടീമിനായി ആദ്യത്തെ ഗോള്‍ നേടിയതോടെ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ അര്‍ജന്റൈന്‍ താരമെന്ന ഗബ്രിയേല്‍ ബാറ്റിസ്റ്റിറ്റിയൂട്ടയുടെ റെക്കോര്‍ഡും തകര്‍ത്തു. 25 മല്‍സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് ഇപ്പോള്‍ മെസ്സിയുടെ സമ്പാദ്യം.

കോപ്പ കിരീടവിജയം അര്‍ജന്റൈന്‍ സീനിയര്‍ ടീമിനൊപ്പം ആദ്യത്തെ പ്രധാന കിരീടമെന്ന ലയണല്‍ മെസ്സിയുടെ മോഹം യാഥാര്‍ഥ്യമായത് കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്കയുടെ ഫൈനലിലായിരുന്നു. 2014ലെ ലോകകപ്പില്‍ മെസ്സിയുടെ മികവില്‍ അര്‍ജന്റീന ഫൈനല്‍ വരെയെത്തിയെങ്കിലും കലാശക്കളിയില്‍ ജര്‍മനിയോടു കീഴടങ്ങുകയായിരുന്നു. ലോകകപ്പിനായുള്ള 36 വര്‍ഷം നീണ്ട അര്‍ജന്റീന ഇത്തവണ അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

Other News