പറങ്കിപ്പടയെ കെട്ടുകെട്ടിച്ച് മൊറോക്കോ സെമിയില്‍ 


DECEMBER 10, 2022, 10:58 PM IST

ദോഹ: അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ചെങ്കടല്‍ തീര്‍ത്ത് തിരമാല കണക്കെ അടിച്ചുയര്‍ന്ന മൊറോക്കോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗീസിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സെമിയിലേക്ക്. അവസാന ലോകകപ്പിലെ അവസാന മത്സരത്തില്‍ കരഞ്ഞു മടങ്ങി റൊണാള്‍ഡോ. 

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം സെമിഫൈനലില്‍ പ്രവേശിക്കുന്നത്. ആദ്യ ആഫ്രിക്കന്‍- അറബ് രാജ്യമെന്ന ബഹുമതിയും മൊറോക്കോ സ്വന്തമാക്കി. 

നാല്‍പ്പത്തി രണ്ടാം മിനുട്ടില്‍ എന്‍ നെസിരിയുടെ ഗോളിന്റെ ബലത്തിലാണ് മൊറോക്കോ അവസാന നാലില്‍ ഇടം പിടിച്ചത്. തങ്ങളുടെ മികച്ച മത്സരം പുറത്തെടുത്താണ് മൊറോക്കോ സെമി പ്രവേശനം സാധ്യമാക്കിയത്. കളിയുടെ തുടക്കം മുതല്‍ തങ്ങളെ ജയിക്കുക അത്ര എളുപ്പമല്ലെന്ന് മൊറോക്കോ പല തവണ പോര്‍ച്ചുഗലിന് സൂചന നല്‍കിയിരുന്നു. പകരക്കാരുടെ ബെഞ്ചിലിരുന്ന സാക്ഷാല്‍ റൊണാള്‍ഡോയെ കളത്തിലിറക്കിയിട്ടും പോര്‍ച്ചുഗലിന് രക്ഷപ്പെടാനായില്ല. 

മികച്ച പ്രതിരോധവും ആക്രമണവും നടത്തിയാണ് പറങ്കിപ്പടയെ ആഫ്രിക്കന്‍ രാജ്യം കെട്ടുകെട്ടിച്ചത്. തൊണ്ണൂറാം മിനുട്ടില്‍ ചുവപ്പു കാര്‍ഡു കണ്ട് വാലിദ് ചെദിര കയറിയെങ്കിലും പത്തുപേരുടെ കരുത്തുമായി മൊറോക്കോ മുന്നേറ്റം തുടര്‍ന്നു.