ദോഹ: ടോക്യോ ഒളിംപിക്‌സില്‍ സൗഹാര്‍ദ്ദത്തില്‍ ഹൈജംപില്‍ സംയുക്ത ജേതാക്കളായ ഖത്തറിന്റെ മുതാസ് ബര്‍ഷിമും ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ തംബെരിയും മെയ് 13ന് വീണ്ടും നേര്‍ക്കുനേര്‍. ദോഹ ഡയമണ്ട് ലീഗിലാണ് ഇരുവരും ഹൈജംപ് പിറ്റില്‍ വീണ്ടും എതിരാളികളായി രംഗപ്രവേശനം ചെയ്യുന്നത്.
2019ല്‍ ദോഹയില്‍ ഹൈജംപില്‍ സ്വര്‍ണം നേടിയ ബര്‍ഷിം 2.43 മീറ്റര്‍ ചാടി ഖത്തറി റിക്കാര്‍ഡിന് ഉടമയാണ്. 2012, 2016 വര്‍ഷങ്ങളില്‍ ഒളിംപിക്സില്‍ വെള്ളി മെഡല്‍ ജേതാവുമാണ് അദ്ദേഹം.
2016ല്‍ 2.39 മീറ്റര്‍ ചാടി യൂറോപ്യന്‍ ചാംപ്യനായ തംബെരി അതേ വര്‍ഷം ഒളിംപിക്സിന് തൊട്ടുമുമ്പ് പരിക്കേറ്റ് മടങ്ങുകയായിരുന്നു. പരിക്കില്‍ നിന്നുള്ള മടങ്ങിവരവ് ബുദ്ധിമുട്ടേറിയതായിരുന്നുവെങ്കിലും 2019ല്‍ ഗ്ലാസ്ഗോയില്‍ യൂറോപ്യന്‍ ഇന്‍ഡോര്‍ കിരീടത്തോടെ മെഡല്‍ നേടിയാണ് 2020 ടോക്യോ ഒളിംപിക്സിലെത്തിയത്. 2022 മാര്‍ച്ചില്‍ ബെല്‍ഗ്രേഡില്‍ നടന്ന ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു അദ്ദേഹം.
2022ലെ വാന്‍ഡ ഡയമണ്ട് ലീഗില്‍ 14 മത്സരങ്ങളാണുള്ളത്. മെയ് 13ന് ദോഹയില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ ആരംഭിച്ച് സെപ്തംബര്‍ ഏഴ്, എട്ട് തിയ്യതികളില്‍ സൂറിച്ചില്‍ അവസാനിക്കും.
മെയ് 13ന് സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മുതാസും തംബെരിയും നേര്‍ക്കുനേരെത്തുന്നത്.