OCTOBER 12, 2020, 1:10 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് റാഫേല്‍ നദാലിന് കിരീടം. സ്‌കോര്‍ 6-0,6-2, 7-5.നദാലിന്റെ തുടര്‍ച്ചയായ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. റോളണ്ട് ഗാരോസില്‍ കളിച്ച 13 ഫൈനലുകളില്‍ നദാലിന്റെ 13-ാം കീരിടം കൂടിയാണിത്. ഒപ്പം ഫ്രഞ്ച് ഓപ്പണില്‍100 വിജയങ്ങളെന്ന റെക്കോര്‍ഡും നദാല്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും കൈവിടാതെയാണ് നദാല്‍ കിരീട നേട്ടത്തിലെത്തിയത്. കരിയറില്‍ 56 തവണ ഏറ്റുമുട്ടിയതില്‍ ജോക്കോവിച്ചിനെതിരെയുള്ള നദാലിന്റെ 27-ാം വിജയമാണിത്. 16 ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങളില്‍ 10-ാമത്തെ വിജയവും. ഫ്രഞ്ച് ഓപ്പണില്‍ ഇതുവരെ പരസ്പരം ഏറ്റുമുട്ടിയതില്‍ ഏഴാം വിജയവുമാണ് നദാല്‍ നേടിയത്. 2016ല്‍ കിരീടം നേടിയ ശേഷമുള്ള ജോക്കോവിച്ചിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലായിരുന്നു ഇത്.