ഖത്തര്‍ ലോകകപ്പില്‍ വിരമിക്കുമെന്ന സൂചന നല്കി നെയ്മര്‍


OCTOBER 11, 2021, 9:17 PM IST

മാരക്കാന: അടുത്ത വര്‍ഷത്തെ ഖത്തര്‍ ലോകകപ്പോടെ കളിയില്‍ നിന്നും വിരമിക്കുമെന്ന പ്രഖ്യാപനവുമായി നെയ്മര്‍. 'നെയമര്‍ ആന്‍ഡ് ദി ലൈന്‍ ഓഫ് കിംഗ്‌സ്' എന്ന ഡോക്യുമെന്ററിയിലായിരുന്നു ബ്രസീലിന്റെ ലോകോത്തര താരം നെയ്മറിന്റെ പ്രഖ്യാപനം

ഖത്തര്‍ ലോകകപ്പിനെ തന്റെ കരിയറിലെ അവസാന ലോകകപ്പ് പോലെയാണ് താന്‍ സമീപിക്കുന്നതെന്നും കൂടുതല്‍ കാലം കളിക്കാനുള്ള മനസ്സാന്നിധ്യം തനിക്കുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് നെയ്മര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ലോകകപ്പ് നേടാന്‍ തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2010ല്‍ ബ്രസീല്‍ ജേഴ്സി അണിഞ്ഞ 29കാരനായ നെയ്മര്‍ 114 മത്സരങ്ങളില്‍ നിന്നായി 69 ഗോളുകളാണ് കരസ്ഥമാക്കിയത്. 2014, 2018 ലോകകപ്പുകളില്‍ ബ്രസീലിനായി കളത്തിലിറങ്ങിയ അദ്ദേഹത്തിന്റെ മൂന്നാമത്തെ ലോകകപ്പാണ് ഖത്തറിലേത്.