നിഖില്‍ കുമാര്‍ ടേബില്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിന്നും പുറത്തായി


JULY 28, 2021, 8:43 AM IST

ടോക്കിയോ : ടേബിള്‍ ടെന്നീസില്‍ മെഡല്‍ സ്വപ്‌നവുമായി ടോക്കിയോയിലെത്തിയ അമേരിക്കന്‍ മലയാളി താരം നിഖില്‍ കുമാര്‍ പുരുഷ സിംഗിള്‍സില്‍ നിന്നും പുറത്തായി.

അമേരിക്കയ്ക്ക് വേണ്ടിയാണ് 18-ാം വയസ്സില്‍ നിഖില്‍ ഒളിംപിക്സ് വേദിയില്‍ എത്തിയത്.ആദ്യ രണ്ട് റൗണ്ടുകളില്‍ വിജയിച്ച നിഖില്‍ കുമാര്‍ മൂന്നാം റൗണ്ടില്‍ സ്വീഡിഷ് താരം ആന്റണ്‍ കാല്‍ബെര്‍ഗിനോടാണ് പരാജയപ്പെട്ടത്.

ഏഴ് ഗെയിമുകളില്‍ ആദ്യ നാലെണ്ണത്തിലും വ്യക്തമായ മുന്നേറ്റത്തോടെയാണ് കാള്‍ബെര്‍ഗ് നിഖില്‍ കുമാറിനെ പരാജയപ്പെടുത്തിയത്.  (117, 115, 116, 115) എന്നിങ്ങനെയായിരുന്നു പോയിന്റ് നില. ഞായറാഴ്ച വൈകിട്ട് ടോക്കിയോ മെട്രോപോളീറ്റന്‍ ജിംനേഷ്യത്തില്‍ വച്ചായിരുന്നു മത്സരം.

സിംഗിള്‍സിലെ മത്സരം അവസാനിച്ചെങ്കിലും ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ഗ്രൂപ്പ് പോരാട്ടത്തില്‍ അമേരിക്കയും സ്വീഡനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നിഖിലും കാല്‍ബെര്‍ഗും വീണ്ടും നേര്‍ക്കുനേര്‍ വരും.

കാലിഫോര്‍ണിയയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ കണ്ണൂര്‍ നരിക്കാംവള്ളി സ്വദേശി  ശശികുമാറിന്റെയും ബീന നമ്പ്യാരുടെയും  പുത്രനാണ് നിഖില്‍കുമാര്‍. സാന്‍ജോസിലാണ് കുടുംബം ഇപ്പോള്‍. ടോക്കിയോ ഒളിമ്പിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് നിഖില്‍.

സിംഗിള്‍സ്, ഡബിള്‍സ് ഇനങ്ങളില്‍ യു എസിനെ പ്രതിനിധീകരിക്കുന്ന നിഖില്‍ അമേരിക്കന്‍ ടേബിള്‍ ടെന്നീസ് താരങ്ങളിലെ വളര്‍ന്നു വരുന്ന താരങ്ങളില്‍ പ്രമുഖനാണ്. ഒന്‍പതാം വയസ്സില്‍ ടേബിള്‍ ടെന്നീസ് ദേശീയ ടൂര്‍ണമെന്റുകളില്‍ കളി തുടങ്ങിയ നിഖില്‍ 11-ാം വയസ്സിലാണ് ആദ്യ അന്തരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്തത്. കാനഡയില്‍ നടന്ന ഐ ടി ടി എഫ് ജൂനിയര്‍ കേഡറ്റ് മത്സരമായിരുന്നു നിഖിലിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം.

2013 മുതല്‍ രംഗത്തുള്ള ഇടങ്കയ്യന്‍ നിഖില്‍ യു എസ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ അണ്ടന്‍ നൈന്‍ ചാംപ്യനും അണ്ടര്‍ ടെന്‍ റണ്ണറപ്പുമായിരുന്നു. 2017ല്‍ പതിനാലാം വയസ്സിലാണ് യു എസ് പുരുഷ ദേശീയ ടീമിലേക്ക് നിഖില്‍ യോഗ്യത നേടിയത്. സിംഗിള്‍സില്‍ രണ്ടാം സ്ഥാനത്തെത്തിയായിരുന്നു നിഖില്‍ നേട്ടം കൊയ്തത്.

2019ലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ നിഖില്‍ പുരുഷന്മാരുടെ അണ്ടര്‍ 21 വിഭാഗത്തില്‍ 2020 ഐ ടി ടി എഫ് പോര്‍ച്ചുഗല്‍ ഓപണില്‍ വെങ്കല മെഡല്‍ ജേതാവാണ്.

യു എസിലെ കോളജ് ടേബിള്‍ ടെന്നീസിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാത്ത നാഷണല്‍ കോളീജിയറ്റ് ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ വെസ്റ്റ് സോണ്‍ ഡയറക്ടറാണ് നിഖില്‍.

ആറാം വയസ്സില്‍ കായിക രംഗത്ത് എത്തിയ ഈ പ്രതിഭ കാലിഫോര്‍ണിയയിലെ സാന്താ ക്ലാര ആസ്ഥാനമായുള്ള സ്പാര്‍ട്ടന്‍സ് ടേബിള്‍ ടെന്നീസ് ക്ലബ്ബിലാണ് പരിശീലിക്കുന്നത്. 2014 മുതല്‍ ചൈനീസ് കോച്ച് താവോ വെന്‍ഷാങിന്റെ കീഴിലാണ് നിഖിലിന്റെ പരിശീലനം.