മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന്  ധ്യാന്‍ ചന്ദ് പുരസ്‌കാരം 


AUGUST 17, 2019, 3:39 PM IST

ന്യൂഡല്‍ഹി: കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ധ്യാന്‍ ചന്ദ് പുരസ്‌കാരം മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് നല്‍കാന്‍ ശുപാര്‍ശ. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം. ഇന്ന് വൈകിട്ടോടെ പുരസ്‌കാര സമിതിയുടെ പ്രഖ്യാപനമുണ്ടാകും.

ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി താരമാണ് ഫ്രഡറിക്ക്. 1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍കീപ്പറായിരുന്നു.ഏഴു വര്‍ഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അര്‍ജന്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി ജേഴ്‌സിയണിഞ്ഞു. 1947 ഒക്ടോബര്‍ 20ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍  ജനിച്ചത്.

ബോബി അലോഷ്യസ്, ടി.പി. പദ്മനാഭന്‍ നായര്‍, സതീഷ് പിള്ള എന്നിവരാണ് മുമ്പ് ധ്യാന്‍ ചന്ദ് പുരസ്‌കാരം നേടിയിട്ടുള്ള മലയാളികള്‍.