മസ്ക്കത്ത്: ഒമാനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരം. അംഗീകൃത ടെസ്റ്റ്, അന്താരാഷ്ട്ര ഏകദിനം, ടി 20 പരമ്പരകള്‍ നടത്താന്‍ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിന് അംഗീകാരം ലഭിച്ചു.
ഇതേ തുടര്‍ന്ന് അഫ്ഗാനിസ്ഥാനും അയര്‍ലന്റും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള പരമ്പര ഒമാനില്‍ നടക്കും. ആദ്യ മത്സരം ജനുവരി 26നും തുടര്‍ന്ന് ജനുവരി 29, 31 തിയ്യതികളിലും അരങ്ങേറും. ഇതിനു പിന്നാലെ അഫ്ഗാന്- സിംബാബ്വെ ടെസ്റ്റ്, ടി 20 പരമ്പരകള്‍ അരങ്ങേറും. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് അഫ്ഗാന്- സിംബാബ്വെ പരമ്പരയിലുണ്ടാവുക.
യു എ ഇക്ക് പുറമേ ടെസ്റ്റ്, ഏകദിന, ട്വന്റി 20 മത്സരങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്ന ഗള്‍ഫ് രാഷ്ട്രമാണ് ഒമാനെന്നും അഭിമാനകരമായ നേട്ടമാണിതെന്നും ഒമാന്‍ ക്രിക്കറ്റ് സെക്രട്ടറി മധു ജെസ്രാണി പറഞ്ഞു.
അയര്‍ലന്റിനും സിംബാബ്വെക്കുമെതിരായ അഫ്ഗാനിസ്ഥാന്റെ പരമ്പര യു എ ഇയിലും ഇന്ത്യയിലുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഒമാന്‍ അംഗീകാരം ലഭിച്ചതോടെ മത്സരങ്ങള്‍ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു.