ദോഹ: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം തുടങ്ങിയ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഇനി കിക്കോഫ്.
ലോകം മുഴുവന്‍ ഒരു പന്തിനു പിറകെ പായുമ്പോള്‍ ഖത്തറാകും കേന്ദ്രം. ലോകഭൂപടത്തില്‍ മഴത്തുള്ളിയുടെ മാത്രം വലുപ്പമുള്ളൊരു രാജ്യം ഇനിയുള്ള 29 ദിവസങ്ങളില്‍ ലോകത്തെ ആവേശക്കൊടുമുടിയില്‍ കയറ്റും.
ഖത്തര്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് അല്‍ഖോറിലെ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. രാത്രി ഏഴ് മണിക്ക് ആതിഥേയരായ ഖത്തര്‍ തങ്ങളുടെ പ്രഥമ ലോകകപ്പ് മത്സരത്തിനിറങ്ങും. ഖത്തറിനു വേണ്ടി ആര്‍പ്പുവിളിക്കുന്ന ഗ്യാലറികളെ സാക്ഷിയാക്കി ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നേരിടും.
ഖത്തറിലേയും ഗള്‍ഫ് മേഖലയിലേയും നാടോടി ഗോത്രവിഭാഗങ്ങളുടെ കൂടാരത്തിന്റെ മാതൃകയില്‍ പണികഴിച്ച സ്റ്റേഡിയമാണ് അല്‍ബെയ്ത്ത്. അറുപതിനായിരം പേര്‍ക്ക് കളി കാണാനുള്ള ഇരിപ്പിട ശേഷിയാണ് സ്റ്റേഡിയത്തിനുള്ളത്.
വിവിധ രാജ്യങ്ങളില്‍ നിന്നുളള കലാപ്രകടനങ്ങളോടെയാണ് ലോകകപ്പിലേക്ക് ഖത്തര്‍ ലോകത്തെ ക്ഷണിക്കുന്നത്. ലോകകപ്പിനോടനുബന്ധിച്ച് സാംസ്‌ക്കാരിക പ്രദര്‍ശനങ്ങള്‍, സംഗീത പരിപാടികള്‍, തെരുവ് പ്രകടനങ്ങള്‍ തുടങ്ങി നിരവധി കാഴ്ച ഖത്തര്‍ ലോകത്തിനായി ഒരുക്കിയിട്ടുണ്ട്.