പാക്കിസ്ഥാനോട് തോറ്റ് ദക്ഷിണാഫ്രിക്ക സെമി കാണാതെ മടങ്ങി


JUNE 24, 2019, 4:26 PM IST

ലോകകപ്പില്‍ മോശം പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനോടും തോറ്റ് സെമി ഫൈനല്‍ കാണാതെ പുറത്ത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 49 റണ്‍സിനാണ് പാക്കിസ്ഥാന്‍ വിജയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണു നേടിയത്. നിലയുറപ്പിക്കുന്നതില്‍ ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കു പിഴച്ചതോടെ അവരുടെ മറുപടി നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സില്‍ അവസാനിച്ചു. തോല്‍വി 49 റണ്‍സിന്. 2003നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ നോക്കൗട്ടില്‍ കടക്കാതെ പുറത്താകുന്നത്. അര്‍ധസെഞ്ച്വറി നേടി പാക്കിസ്ഥാന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടുനയിച്ച ഹാരിസ് സുഹൈലാണ് കളിയിലെ കേമന്‍.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടിയത് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസി മാത്രമാണ്. 79 പന്തു നേരിട്ട ഡുപ്ലേസി അഞ്ചു ബൗണ്ടറി സഹിതം 63 റണ്‍സാണു നേടിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് (60 പന്തില്‍ 47), വാന്‍ഡര്‍ ദസ്സന്‍ (47 പന്തില്‍ 36), ഡേവിഡ് മില്ലര്‍ (37 പന്തില്‍ 31) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആന്‍ഡില്‍ പെഹ്‌ലൂക്‌വായോ (32 പന്തില്‍ പുറത്താകാതെ 46), ക്രിസ് മോറിസ് (10 പന്തില്‍ 16) എന്നിവര്‍ തോല്‍വിയുടെ കനം കുറച്ചു. പാക്കിസ്ഥാനായി ഷതാബ് ഖാന്‍, വഹാബ് റിയാസ് എന്നിവര്‍ മൂന്നും മുഹമ്മദ് ആമിര്‍ രണ്ടും ഷഹീന്‍ അഫ്രീദി ഒന്നും വിക്കറ്റ് വീഴ്ത്തി.

ഈ വിജയത്തോടെ ആറു കളികളില്‍നിന്ന് അഞ്ചു പോയിന്റുമായി പാക്കിസ്ഥാന്‍ ഏഴാം സ്ഥാനത്തേക്കു കയറി സെമി പ്രതീക്ഷ കാത്തു. ബംഗ്ലദേശിനും അഞ്ചു പോയിന്റാണെങ്കിലും റണ്‍റേറ്റില്‍ അവര്‍ക്കാണ് മുന്‍തൂക്കം. ഏഴു മല്‍സരങ്ങളില്‍നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ദക്ഷിണാഫ്രിക്കയാകട്ടെ മൂന്നു പോയിന്റുമായി ഒന്‍പതാം സ്ഥാനത്തേക്കു പതിച്ചു. പിന്നിലുള്ളത് ഒരു മല്‍സരം പോലും ജയിക്കാനാകാതെ പോയ അഫ്ഗാനിസ്ഥാന്‍ മാത്രം.