ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍ വിടവാങ്ങി


JULY 5, 2019, 11:52 PM IST

ലണ്ടന്‍: ബംഗ്ലാദേശിനെ 94 റണ്‍സിന് തകര്‍ത്ത് മുന്‍ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും മടങ്ങി.316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 44.1 ഓവറില്‍ 221 റണ്‍സിന് ഓള്‍ഔട്ടായി. 9.1 ഓവറില്‍ വെറും 35 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ ഷാ അഫ്രീദിയാണ് ബംഗ്ലാ ബാറ്റിങ്‌നിരയെ തകര്‍ത്തത്. ഷദാബ് ഖാന്‍ രണ്ട് വിക്കറ്റ് നേടി. ജയിച്ചെങ്കിലും സെമികാണാതെ പുറത്തായ പാക്കിസ്ഥാന് വിനയായത് ആദ്യമത്സരങ്ങളില്‍ സംഭവിച്ച തോല്‍വിയാണ്. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തിരുന്നു. ഈ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി കണ്ടെത്തിയ പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ ഇന്നിങ്‌സാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 100 പന്തില്‍ 100 റണ്‍സെടുത്ത ഇമാം സെഞ്ചുറി തികച്ചതിനു പിന്നാലെ ഹിറ്റ്‌വിക്കറ്റാകുകയായിരുന്നു. താരത്തിന്റെ ഏഴാം സെഞ്ചുറിയാണിത്.

ഷാക്കിബ് അല്‍ ഹസന്‍ ഈ കളിയിലും ബംഗ്ലാദേശിനെ ഒറ്റയ്ക്ക് തോളിലേറ്റി. 64 റണ്‍സാണ് ഷാക്കിബ് നേടിയത്.വെള്ളിയാഴ്ച മത്സരത്തില്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ ഷാക്കിബിന്റെ ലോകകപ്പിലെ റണ്‍നേട്ടം 606 ആക്കിയ ഷക്കീബ് ഒരു ലോകകപ്പ് എഡിഷനില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ആദ്യ താരമായി. ഒരു ലോകകപ്പ് എഡിഷനില്‍ 600 റണ്‍സ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഷാക്കിബ്. സച്ചിന്‍ തെണ്ടുല്‍ക്കറും മാത്യു ഹെയ്ഡനും മാത്രമാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.