അനാരോഗ്യം: വിഷാദരോഗിയായി ഫുട്‌ബോള്‍ ഇതിഹാസം പെലെ


FEBRUARY 11, 2020, 10:20 PM IST

റിയോ ഡീ ജനീറോ: അനാരോഗ്യത്തെത്തുടര്‍ന്ന് ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം പെലെ വിഷാദരോഗിയായി മാറിയെന്നു മകന്‍ എഡീഞ്ഞോ. പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ സാധിക്കില്ല. അതുകൊണ്ട് ഏകാകിയായി വീടിനുള്ളില്‍ കഴിയുകയാണെന്നും എഡീഞ്ഞോ ബ്രസീലിയന്‍ മാധ്യമത്തോടു പറഞ്ഞു.  

പെലെ വര്‍ഷങ്ങളായി ഇടുപ്പിനു പ്രശ്‌നം അനുഭവിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. അതിന്റെ പ്രശ്‌നങ്ങളില്‍നിന്ന് പൂര്‍ണമായൊരു വിടുതല്‍ വന്നിട്ടില്ല. അതുകൊണ്ട് പസഹായമില്ലാതെ സഞ്ചരിക്കാനാവില്ല. അതാണ് അദ്ദേഹത്തെ ഒരുതരം വിഷാദത്തിലേക്കു നയിച്ചിരിക്കുന്നത്. ഫുട്‌ബോളില്‍ അദ്ദേഹം രാജാവായിരുന്നു. അങ്ങനെതന്നെ നടക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. പക്ഷേ നേരാംവിധം നടക്കാന്‍ പോലും അദ്ദേഹത്തിനു കഴിയുന്നില്ല. എപ്പോഴും വിഷണ്ണഭാവത്തിലാണ്. പുറത്തേക്കു പോകാന്‍ ഇഷ്ടപ്പെടുന്നില്ല. വീടിനു പുറത്തേക്കു പോകേണ്ട യാതൊരു കാര്യവും ചെയ്യുന്നില്ല. ഏകാകിയായി ഇരിക്കുകയാണ്. ഇടുപ്പ് ശസ്ത്രക്രിയക്കുശേഷം ഫിസിയോതെറാപ്പി പോലും കൃത്യമായി ചെയ്തിരുന്നില്ലെന്നും എഡീഞ്ഞോ പറഞ്ഞു. 

2014ല്‍ മൂത്രാശയ അണുബാധയെത്തുടര്‍ന്നു പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനെ അതിജീവിച്ച അദ്ദേഹം അടുത്തിടെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായി. അതിനുശേഷം ചക്രകസേരയിലായിരന്നു അദ്ദേഹം. പൊതു പരിപാടികളിലെല്ലാം പെലെയെ ചക്രകസേരയിലാണ് കാണാറുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 80 വയസായ പെലെ മൂന്നു ലോകകപ്പുകള്‍ നേടിയ ഏക ഫുട്‌ബോള്‍ താരമാണ്. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു പെലെ ബ്രസീലിനൊപ്പം ലോകകിരീട നേട്ടത്തില്‍ പങ്കാളിയായത്.

Other News