ദോഹ: ഖത്തര്‍ ക്ലാസിക് സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ലോക രണ്ടാംനമ്പര്‍ താരവും മൂന്നുതവണ ഖത്തര്‍ ക്ലാസിക് ചാമ്പ്യനുമായിരുന്ന ഈജിപ്തിന്റെ മുഹമ്മദ് അല്‍ശര്‍ബാഗി പുറത്ത്. സ്വന്തം നാട്ടുകാരനും ലോക 41-ാം റാങ്ക് താരവുമായ യൂസുഫ് ഇബ്രാഹിമാണ് മുന്‍ചാമ്പ്യനെ അട്ടിമറിച്ചത്. അഞ്ചു ഗെയിമുകള്‍ നീണ്ട ത്രില്ലറിനൊടുവിലായിരുന്നു അല്‍ശര്‍ബാഗിയുടെ തോല്‍വി. ഖലീഫ രാജ്യാന്തര ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലെ ഗ്ലാസ് കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ 21കാരനായ കെയ്‌റോ സ്വദേശി 11-9, 6-11, 3-11, 15-13, 11-6 എന്ന സ്‌കോറിനായിരുന്നു അല്‍ശര്‍ബാഗിയെ അട്ടിമറിച്ചത്. മത്സരം ഒരു മണിക്കൂറും അഞ്ച് മിനുട്ടും നീണ്ടു.
കുട്ടിക്കാലത്തെ പ്രചോദനമായിരുന്ന താരത്തെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ ഇടംനേടാനായതില്‍ ആഹ്ലാദമുണ്ടെന്ന് മത്സരശേഷം യൂസുഇ് ഇബ്രാഹിം പ്രതികരിച്ചു. ക്വാര്‍ട്ടറില്‍ മറ്റൊരു ഈജിപ്ഷ്യന്‍ ഫാരെസ് ദെസ്സൗകിയാണ് യൂസുഫിന്റെ എതിരാളി. സ്‌പെയിനിന്റെ ബോര്‍ജ ഗൊലാനെ പരാജയപ്പെടുത്തിയാണ് ദെസൗഖി അവസാന എട്ടില്‍ ഇടംനേടിയത്.