ഖത്തര്‍ ലോകകപ്പ് ഫൈനലിലെ പന്ത് ലേലത്തില്‍; ഒരു മില്യണ്‍ റിയാല്‍ വരെ പ്രതീക്ഷ


MAY 3, 2023, 7:59 PM IST

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഫൈനലില്‍ ഉപയോഗിച്ച ഔദ്യോഗിക മാച്ച് ബോള്‍ ജൂണില്‍ ലേലം ചെയ്യും. 160,000- 200,000 പൗണ്ടിന് (ഒരു മില്യണ്‍ റിയാല്‍ വരെ) വില ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 

ഗ്രഹാം ബഡ് ലേലം 2023 ജൂണ്‍ 6, 7 തിയ്യതികളില്‍ ഓണ്‍ലൈനായും നോര്‍ത്താംപ്ടണ്‍ ലേലശാലയിലും നടക്കും. വരാനിരിക്കുന്ന ലേലം ഇതിനകം ലോകമെമ്പാടുമുള്ള ലേലപ്രിയരെ ആകര്‍ഷിച്ചിട്ടുണ്ട്. 

ഈ അഡിഡാസ് ഫുട്ബോള്‍ സമീപകാല ഫുട്ബോള്‍ ചരിത്രത്തിലെ കൗതുകകരവും പ്രധാനപ്പെട്ടതുമായ ഒരു ഭാഗമാണെന്നും അത് മെസിയെയും എംബാപ്പെയെയും പോലുള്ള കളിക്കാരുടെ പ്രശസ്തി കൂടിയുള്ളതാണെന്നും ഗ്രഹാം ബഡ് ലേലത്തിലെ സ്പോര്‍ട്സ് മെമ്മോറബിലിയയുടെ തലവന്‍ ഡേവിഡ് കണ്‍വെറി പറഞ്ഞു: 

ഡിസംബര്‍ 18ന് രാത്രി ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫ്രാന്‍സിനെതിരെ അവിസ്മരണീയമായ പെനാല്‍റ്റി ഷൂട്ടൗട്ടിന് ശേഷം അര്‍ജന്റീനയുടെ മൂന്നാം ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് സഹായിച്ച ഫുട്‌ബോള്‍ ആയിരുന്നു 'ദി ഡ്രീം' എന്ന അര്‍ഥം വരുന്ന അറബിപ്പദമായ 'അല്‍ ഹില്‍മ്' എന്ന് പേരിട്ടിരിക്കുന്ന മാച്ച് ബോള്‍.

അഡിഡാസ് നടത്തുന്ന 'വിന്‍ ദി മാച്ച് ബോള്‍' മത്സരത്തില്‍ പങ്കെടുത്ത ഒരു വിദേശ ഫുട്‌ബോള്‍ ആരാധകനാണ് മാച്ച് ബോള്‍ വിജയിച്ചത്. തുടര്‍ന്ന് സ്പോര്‍ട്സ് മെമ്മോറബിലിയ ലേലത്തില്‍ പന്ത് ലേലം ചെയ്യാന്‍ വിജയി തീരുമാനിച്ചു.

അജ്ഞാതനായി തുടരാന്‍ ആഗ്രഹിക്കുന്ന വിദേശ വില്‍പ്പനക്കാരന്‍ 2022 ഫിഫ ലോകകപ്പ് ഫൈനല്‍ ഒഫീഷ്യല്‍ മാച്ച് ബോള്‍ വിജയി്‌ച്ചെന്ന അഡിഡാസില്‍ നിന്നുള്ള ഇമെയില്‍ ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. താന്‍ മത്സരത്തില്‍ പങ്കെടുത്തത് വിജയിക്കുമെന്ന പ്രതീക്ഷയില്ലാതെയായിരുന്നെന്നും എന്നാല്‍ നേട്ടത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ അത് സത്യമാകില്ലെന്നും പന്ത് വന്നപ്പോഴും അത് നിയമാനുസൃതമാകില്ലെന്ന് കരുതിയതായും അദ്ദേഹം പറഞ്ഞും. അവിശ്വസനീയമാണ് കാര്യങ്ങളെന്നും ഇതിലൂടെ ലഭിക്കുന്ന പണം സത്യസന്ധമായി ജീവിതത്തെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാച്ച് ബോളില്‍ ലോകകപ്പ് ഫൈനലുകളുടെ രേഖാമൂലമുള്ള തിയ്യതിയും മറ്റും അടങ്ങിയിരിക്കുന്നു.

പന്ത് പൂര്‍ണ്ണമായി ആധികാരികമാണെന്നും അതിന്റെ നാളിതുവരെയുള്ള യാത്രയുടെ എല്ലാ ഭാഗങ്ങളും കണ്ടെത്താനാകുമെന്നും ഗ്രഹാം ബഡ് ലേലത്തിലെ സ്പോര്‍ട്സ് മെമ്മോറബിലിയയുടെ തലവന്‍ പറഞ്ഞു. അതുകൊണ്ടാണ് പ്രതീക്ഷിച്ച വിലയോ അതില്‍ കൂടുതലോ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതും അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 

പെലെയുടെ ട്രോഫികളും അവാര്‍ഡുകളും മാച്ച് ഷര്‍ട്ടുകളും ഉള്‍പ്പെടെ 1500ലേറെ വസ്തുക്കളാണ് ലേലത്തിലുള്ളത്. 1971-ല്‍ ബ്രസീലിനു വേണ്ടി അവസാനമായി അന്താരാഷ്ട്ര ഗോള്‍ നേടിയപ്പോള്‍ പെലെ ധരിച്ചിരുന്ന മഞ്ഞ ബ്രസീല്‍ മാച്ച് ഷര്‍ട്ടും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ മൂല്യം 100,000- 150,000 പൗണ്ട് വരെയാണ്.

Other News