ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തര്‍ ഒരു ദിവസം നേരത്തെയാക്കി. നവംബര്‍ 20ന് വൈകിട്ട് ഏഴ് മണിക്കാണ് ആദ്യ കളി. ആതിഥേയരായ ഖത്തര്‍ ഇക്വഡോറുമായി ഏറ്റുമുട്ടുന്ന ആദ്യ മത്സരത്തോടെ ഫിഫ ലോകകപ്പ് 2022 ഖത്തറിന് തുടക്കമാകും. നേരത്തെ നവംബര്‍ 21നായിരുന്നു ആദ്യമത്സരം നിശ്ചയിച്ചിരുന്നത്. സെനഗല്‍- നെതര്‍ലാന്റ്സ് മത്സരമായിരുന്നു ഉദ്ഘാടന മത്സരം നിശ്ചയിച്ചിരുന്നത്.
ആതിഥേയ രാജ്യം ആദ്യ മത്സരത്തില്‍ പങ്കെടുക്കുക എന്ന കീഴ്വഴക്കം പാലിക്കാനാണ് ടൂര്‍ണമെന്റ് ഒരു ദിവസം നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിന് ഫിഫ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ പ്രഖ്യാപനം പുറത്തുവരികയായിരുന്നു.
ലോകകപ്പ് ഒരു ദിവസം മുമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചതോടെ 100 ദിവസത്തേക്കുള്ള കൗണ്ട് ഡൗണിനും ഒരു ദിവസം മുമ്പേ തുടക്കമായി. നെതര്‍ലാന്റ്സ്- സെനഗല്‍ മത്സരം നേരത്തെ ഉച്ചക്ക് ഒരു മണിക്കായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പുതിയ ഷെഡ്യൂള്‍ പ്രകാരം രണ്ടാം ദിവസം വൈകിട്ട് ഏഴ് മണിക്ക് നടക്കും. കോര്‍ണിഷിലെ ഒഫീഷ്യല്‍ ക്ലോക്കില്‍ കൗണ്ട് ഡൗണ്‍ 100 ദിവസമായി മാറ്റി.