രാഹുല്‍ ദ്രാവിഡിന് പുതിയ ദൗത്യം, നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍


JULY 9, 2019, 2:46 PM IST

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായി ബി.സി.സി.ഐ നിയമിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രിക്കറ്റ് അക്കാദമി രാജ്യത്തെ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി അവരെ മികച്ച ക്രിക്കറ്റര്‍മാരാക്കി വളര്‍ത്തിയെടുക്കുന്ന സ്ഥാപനമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സ്ഥാപനമായ എന്‍.സി.എയുടെ തലപ്പത്തെത്തുന്നതോടുകൂടി രാജ്യത്തെ ക്രിക്കറ്റ് പരിശീലനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും ദ്രാവിഡിന് പങ്കെടുക്കാനാകും. അതായത് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനുമായി ചേര്‍ന്ന് ഇനി മുതല്‍ ദ്രാവിഡിന് പ്രവര്‍ത്തിക്കാം. മാത്രമല്ല 

ഇന്ത്യ എ, അണ്ടര്‍ 23, അണ്ടര്‍ 19,വനിതാ  ടീമുകളുടെ പരിശീലനം ഇനി ദ്രാവിഡിന്റെ മേല്‍നോട്ടത്തിലായിരിക്കും. അതേസമയം ദ്രാവിഡിന്റെ പ്രവര്‍ത്തന കാലാവധി ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.

ഈമാസം ആദ്യം തന്നെ ദ്രാവിഡ് ചുമതലയേല്‍ക്കേണ്ടതായിരുന്നെങ്കിലും ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റായതിനാല്‍ നടപടി വൈകുകയായിരുന്നു. ഇപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയോ അവധിയെടുക്കുകയോ ചെയ്യണമെന്ന് ബി.സി.സി.ഐ ദ്രാവിഡിനോട് നിര്‍ദ്ദേശിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്.