വീണ്ടും മഴയെത്തി; ഇന്ത്യ- പാകിസ്താന്‍ മത്സരം മുടങ്ങി


SEPTEMBER 11, 2023, 9:45 PM IST

കൊളംബോ: ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യാ- പാകിസ്താന്‍ മത്സരം മഴ മുടക്കി. ഇന്ത്യക്കെതിരെ 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലെത്തിയപ്പോഴാണ് മഴ പെയ്തത്. 

ഒമ്പത് റണ്‍സെടുത്ത ഇമാമുല്‍ ഹഖിനെ ജസ്പ്രീത് ബുമ്ര മടക്കിയപ്പോള്‍ 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ വീഴ്ത്തി. 14 റണ്‍സെടുത്ത ഫഖര്‍ സമനും ഒരു റണ്ണോടെ മുഹമ്മദ് റിസ്‌വാനുമാണ് ക്രീസില്‍.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും പരുക്കില്‍നിന്നു തിരിച്ചെത്തിയ കെ എല്‍ രാഹുലിന്റേയും സെഞ്ചുറികളാണ് ടീമിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ കൂടിയാണിത്.

ആകെ 94 പന്തില്‍ ഒമ്പത് ഫോറും മൂന്നു സിക്‌സും സഹിതം 122 റണ്‍സെടുത്ത കോലി പുറത്താകാതെ നിന്നു. രാഹുല്‍ 106 പന്തില്‍ 12 ഫോറും രണ്ടു സിക്‌സും സഹിതം പുറത്താകാതെ 111 റണ്‍സും നേടി. 233 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്.

ഈര്‍പ്പമുള്ള പിച്ചില്‍ റണ്‍ നിരക്ക് ഉയര്‍ത്താന്‍ തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ട് നേരിട്ടെങ്കിലും ഇരുവര്‍ക്കും ഭീഷണിയുയര്‍ത്താന്‍ പാക് ബൗളര്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. ഹാരിസ് റൗഫിന് പരുക്ക് കാരണം പന്തെറിയാന്‍ സാധിക്കാതിരുന്നതും തിരിച്ചടിയായി.

ഞായറാഴ്ച ആരംഭിച്ച മത്സരം മഴ കാരണം തടസപ്പെട്ടതോടെ റിസര്‍വ് ദിവസമായ തിങ്കളാഴ്ചത്തേക്കു നീട്ടുകയായിരുന്നു. തലേന്നത്തെ സ്‌കോറായ 24.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചു. 16 പന്തില്‍ എട്ടു റണ്‍സുമായി കോലിയും 28 പന്തില്‍ 17 റണ്‍സുമായി രാഹുലുമായിരുന്നു തുടക്കത്തിലേ ക്രീസില്‍.

ഞായറാഴ്ച ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. പതിവിലേറെ പോസിറ്റിവ് രീതിയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ കുതിച്ചുകയറി. എട്ടോവറില്‍ 50 തികച്ച ഇന്ത്യക്ക് നൂറിലെത്താന്‍ അടുത്ത 32 പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ.

സ്‌കോര്‍ 16.4 ഓവറില്‍ 121 റണ്‍സിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. 49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 56 റണ്‍സെടുത്ത രോഹിത് ഷാദാബ് ഖാന് വിക്കറ്റ് നല്‍കി പുറത്തായി. 17.5 ഓവറില്‍ ഗില്ലും പുറത്തായി. 52 പന്തില്‍ പത്ത് ഫോര്‍ ഉള്‍പ്പെടെ 58 റണ്‍സായിരുന്നു സമ്പാദ്യം. രണ്ടാം സ്‌പെല്ലിനെത്തിയ ഷഹീന്‍ അഫ്രീദിക്കായിരുന്നു വിക്കറ്റ്.

Other News