രാജാക്കന്മാരുടെ പോരാട്ടം ജയിച്ച് രാജസ്ഥാന്‍ റോയല്‍സ്; ചെന്നൈയെ തോല്‍പ്പിച്ചത് 16 റണ്‍സിന്


SEPTEMBER 23, 2020, 12:37 AM IST

ഷാര്‍ജ സ്‌റ്റേഡിയത്തില്‍ നടന്ന രാജാക്കന്മാരുടെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. 

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ മലയാളിത്താരം സഞ്ജു സാംസണും (32 പന്തില്‍ 74) സ്റ്റീവന്‍ സ്മിത്തുമാണ് (47 പന്തില്‍ 69) നയിച്ചത്. അവസാന ഓവറുകളില്‍ ജോഫ്ര ആച്ചറും (എട്ട് ബോളില്‍ പുറത്താകാതെ 27) വെടിക്കെട്ട് ഉതിര്‍ത്തതോടെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 216 റണ്‍സെന്ന മികച്ച സ്‌കോറിലെത്തി രാജസ്ഥാന്‍. സ്‌കോര്‍ പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം ഭദ്രമായിരുന്നെങ്കിലും സ്‌കോറിങ്ങില്‍ വേഗം കണ്ടെത്താനായില്ല. 72 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ് പ്രതീക്ഷ നല്‍കിയെങ്കിലും അത്രത്തോളം മികച്ച കൂട്ടുകെട്ട് ഇല്ലാതെപോയി. അവസാന ഓവറുകളില്‍ ക്യാപ്ടന്‍ ധോനിയുടെ (പുറത്താകാതെ 29) രക്ഷാപ്രവര്‍ത്തനമാണ് ടീം ടോട്ടല്‍ 200ല്‍ എത്തിച്ചത്. ആറു വിക്കറ്റുകളാണ് ചെന്നൈ നഷ്ടപ്പെടുത്തിയത്. ബാറ്റിങ്ങിനൊപ്പം രണ്ട് സ്റ്റംപിങ്ങും മികച്ച രണ്ട് ക്യാച്ചുകളുമായി തിളങ്ങിയ സഞ്ജു തന്നെയാണ് കളിയിലെ താരം.  

രാജസ്ഥാന്‍ നിരയില്‍ സഞ്ജു, സ്മിത്ത്, ജോഫ്ര ആച്ചര്‍ എന്നിവരാണ് തിളങ്ങിയത്. ബാറ്റിങ് ഓപ്പണ്‍ ചെയ്ത ജെയ്‌സ്വാള്‍ ആറ് റണ്‍സിനു പുറത്തായശേഷമായിരുന്നു സഞ്ജു-സ്മിത്ത് വെടിക്കെട്ട്. ചെന്നൈക്കായി സാം കറന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ചഹര്‍, എന്‍ഗിഡി, പീയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയ്ക്ക് മുരളി വിജയും (21) ഷെയ്ന്‍ വാട്‌സണും (33) മികച്ച തുടക്കം നല്‍കി. പിന്നാലെയെത്തിയ ഡുപ്ലെസിസ് 37 പന്തില്‍ 72 റണ്‍സുമായി കളം നിറഞ്ഞതോടെ ചെന്നൈ ജയപ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ മികച്ച കുട്ടൂകെട്ട് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സ്‌കോറിങ് വേഗം കുറഞ്ഞു. ആറ് പന്തില്‍ 17 റണ്‍സെടുത്ത് സാം കുറാനും റണ്ണൊന്നുമെടുക്കാതെ ഗെയ്ക്ക്‌വാദും പുറത്തായി. 16 പന്തില്‍ 22 റണ്‍സെടുത്ത കേദാര്‍ ജാദവും 17 പന്തില്‍ മൂന്ന് സിക്‌സ് ഉള്‍പ്പെടെ 29 റണ്‍സെടുത്ത ധോനിയും അവസാന ഓവറുകളില്‍ തിരിച്ചടിച്ചെങ്കിലും ജയം അകലെയായിരുന്നു. കേദാര്‍ പോയശേഷം രവീന്ദ്ര ജഡേജ എത്തിയെങ്കിലും പൊരുതാന്‍ ഓവര്‍ ബാക്കിയില്ലായിരുന്നു. രാജസ്ഥാനായി രാഹുല്‍ തെവാടിയ മൂന്ന് വിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Other News