രവിശാസ്ത്രിയ്ക്ക് രണ്ടാംമൂഴം


AUGUST 16, 2019, 7:23 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രവിശാസ്ത്രിയ്ക്ക് രണ്ടാം മൂഴം. 2021 ടി20 ലോകകപ്പ് വരെ രവിശാസ്ത്രിയെ തുടരാന്‍ അനുവദിച്ചുവെന്ന് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ മുന്‍ താരം അന്‍ഷുമാന്‍ ഗൈ്വക്കാദ്,ശാന്ത രംഗസ്വാമി എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.

ടീമംഗങ്ങളെ നല്ലപോലെ അറിയാമെന്നതും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും രവിശാസ്ത്രിയെ തുണച്ചു.മുന്‍ ന്യൂസിലന്റ് കോച്ച് മൈക്ക് ഹസ്സന്‍, ടോം മൂഡി എന്നിവര്‍ ഇന്റര്‍വ്യൂവില്‍ തുല്യപ്രകടനം കാഴ്ചവെച്ചെങ്കിലും നറുക്ക് രവിശാസ്ത്രിയ്ക്ക് വീഴുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിന്തുണ രവിശാസ്ത്രിയ്ക്കുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്പുത്ത്,ഫില്‍സിമ്മണ്‍സ് എന്നിവരായിരുന്നു ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍. അതില്‍ സിമ്മണ്‍സ് അവസാന നിമിഷം പിന്മാറിയിരുന്നു.കമ്മിറ്റി അംഗങ്ങള്‍ ഏകപക്ഷീയമായാണ് രവിശാസ്ത്രിയിലേയ്‌ക്കെത്തിയതെന്ന് പത്രസമ്മേളനത്തില്‍ കപില്‍ ദേവ് വിശദീകരിച്ചു.