റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസിയും സൗദി ക്ലബ്ബിലെത്തിയേക്കും


JANUARY 5, 2023, 9:03 AM IST

റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അല്‍ നസര്‍ ഫുട്‌ബോള്‍ ക്ലബ്ബിലെത്തിയതിന്റെ ആഘോഷം നടക്കുന്നതിനിടയില്‍ റോണാള്‍ഡോയ്ക്കു പിന്നാലെ ഇതിഹാസ താരം ലയണല്‍ മെസിയും സൗദി ക്ലബിലേക്ക് വരുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.

മെസി എന്ന് എഴുതിയ അല്‍ ഹിലാലിന്റെ പത്താം നമ്പര്‍ ജഴ്‌സി ക്ലബിന്റെ ജഴ്‌സി സ്റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തി. അല്‍ നസറും അല്‍ ഹിലാലും തമ്മിലുള്ള വൈര്യത്തിന് ഇടയില്‍ മെസിയുടെ ജഴ്‌സി എത്തിയത് ട്രാന്‍സ്ഫര്‍ സാധ്യതകള്‍ കൂട്ടുന്നു. മെസിയുമായി അല്‍ ഹിലാല്‍ കരാര്‍ സംബന്ധിച്ച ധാരണയില്‍ എത്തിയതായാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്‍പില്‍ വെച്ചിരിക്കുന്നതെന്നാണ് സൂചന. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിലെത്തിയതോടെയാണ് മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ അല്‍ ഹിലാല്‍ കടുപ്പിച്ചത്. എന്നാല്‍ മെസിയും അല്‍ ഹിലാല്‍ ക്ലബും ഇതുവരെ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലോകകപ്പ് ജയം ആഘോഷിച്ചതിന് ശേഷം മെസി ബുധനാഴ്ചയാണ് പാരിസിലേക്ക് തിരിച്ചെത്തിയത്. ഉടനെ തന്നെ താരം പിഎസ്ജിയില്‍ പരിശീലനം ആരംഭിക്കും. അടുത്ത സമ്മറില്‍ മെസി ഫ്രീ ഏജന്റാവും. കരാര്‍ 2024 വരെ നീട്ടാനുള്ള ഓഫര്‍ മെസിക്ക് മുന്‍പില്‍ പിഎസ്ജി വെച്ചതായാണ് വിവരം. എംഎല്‍എസ് ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് മെസി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

2025 വരെയാണ് ക്രിസ്റ്റ്യാനോയും അല്‍ നസറും തമ്മില്‍ കരാറുള്ളത്. പ്രതിവര്‍ഷം 1000 കോടി രൂപയോളമാണ് ക്രിസ്റ്റിയാനോയ്ക്ക് പ്രതിഫലമായി ലഭിക്കുക. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ന്യൂകാസിലിന് കഴിഞ്ഞാല്‍ ക്രിസ്റ്റ്യാനോ അല്‍ നസറില്‍ നിന്ന് ന്യൂകാസിലിലേക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്.

Other News