സൗദി അറേബ്യന്‍ ക്ലബ്ബുകളിലേക്ക് മാറാന്‍ താത്പര്യമുള്ള താരങ്ങളെ സ്വാഗതം ചെയ്ത് റൊണാള്‍ഡോ


JUNE 3, 2023, 9:14 PM IST

റിയാദ്: സൗദി അറേബ്യന്‍ ക്ലബ്ബുകളിലേക്ക് മാറാന്‍ താത്പര്യമുള്ള എല്ലാ താരങ്ങളേയും സ്വാഗതം ചെയ്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗ് സോഷ്യല്‍ മീഡിയ ചാനലുകളില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സൗദിയിലേക്ക് മാറുന്ന ഏതെങ്കിലും കളിക്കാരോട് തന്റെ ഉപദേശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് റൊണാള്‍ഡോ ഇങ്ങനെ പറഞ്ഞത്. 

'അവര്‍ വരുന്നുവെങ്കില്‍, വലിയ കളിക്കാരും വലിയ താരങ്ങളും, യുവ കളിക്കാര്‍, 'പഴയ കളിക്കാര്‍' എല്ലാവര്‍ക്കും സ്വാഗതം' എന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. അത്തരത്തില്‍ താരങ്ങള്‍ വരുമ്പോള്‍ ലീഗ് ഇനിയും മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 ജനുവരിയില്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ കടന്നു പോയ വര്‍ഷത്തെക്കുറിച്ചും തന്റെ വെല്ലുവിളികളെക്കുറിച്ചും സൗദി അറേബ്യയിലെ മികച്ച നിമിഷങ്ങളെക്കുറിച്ചും തന്റെ ചിന്തകള്‍ പങ്കുവെച്ചു. അല്‍ നാസറില്‍ തുടരുമെന്ന് താരം സ്ഥിരീകരിച്ചു.

സൗദിയില്‍ താമസിക്കുന്നത് വളരെ നല്ലതാണെന്നും നല്ല  സംസ്‌ക്കാരവും നല്ല ഭക്ഷണവുമാണെന്നും പറഞ്ഞ റൊണാള്‍ഡോ റിയാദില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നിലവാരമുള്ള റെസ്റ്റോറന്റുകള്‍ ഉണ്ടെന്നും വിശദമാക്കി. 

വ്യത്യസ്തമായ കാര്യങ്ങള്‍ കാണാനും വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാനും ഇഷ്ടമാണെന്നും കാണാന്‍ ആഗ്രഹിക്കുന്ന അടുത്ത യാത്ര അല്‍ഉലയാണെന്നും റൊണാള്‍ഡോ പറഞ്ഞു.