ബോക്‌സിംഗ് റിങ്ങിൽ ദുരന്തം;മത്സരത്തിനിടെ ഇടിയേറ്റ താരം മരിച്ചു 


JULY 26, 2019, 1:40 AM IST

മോസ‌്കോ:റഷ്യൻ ബോക്‌സിംഗ് താരം മാക‌്സിം ദാദഷേവ‌് മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ‌് മരിച്ചു. ഐ ബി എഫ‌് ലൈറ്റ‌് വാൾട്ടർവെയ‌്റ്റ‌് വിഭാഗത്തിൽ പ്യൂർട്ടോ റിക്കോയുടെ സുബ്രിയേൽ മതിയാസുമായിട്ടായിരുന്നു ദാദഷേവിന്റെ പോരാട്ടം.

പതിനൊന്നാം റൗണ്ടിൽ ടെക‌്നിക്കൽ നോക്കൗട്ടിലൂടെ മതിയാസ‌് ജയിച്ചു. മത്സരശേഷം തളർന്നുവീണ ദാദഷേവിനെ ആശുപത്രിയിൽ പ്രവേശിപ്പി‌ച്ചെങ്കിലും പിന്നീട്‌ ഉണർന്നില്ല.മത്സരത്തിനിടെ ഇടിയേറ്റ് ദാദഷേവിന‌് ഗുരുതരമായി പരിക്കേറ്റിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ‌് മരണകാരണം.

ഇരുപത്തെട്ടുകാരനായ ദാദഷേവ‌് കഴിഞ്ഞ 13 മത്സരങ്ങളും വിജയിച്ചിരുന്നു. മതിയാസുമായുള്ള മത്സരത്തിൽ പക്ഷെ പിടിച്ചുനിൽക്കാനായില്ല. മത്സരത്തിനിടെ ദാദഷേവിന്റെ തളർച്ച മനസ്സിലാക്കിയ പരിശീലകൻ ബഡി മക‌്ഗ്രിത‌് പിന്മാറാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും താരം വഴങ്ങിയില്ല.കുഴപ്പമില്ല,പോരാട്ടം നിർത്തില്ലെന്നായിരുന്നു ദാദഷേവിന്റെ പ്രതികരണം. പലതവണ മതിയാസിന്റെ പഞ്ചുകൾ ദാദഷേവിന്റെ തലയ‌്ക്കും ദേഹത്തും പതിച്ചു.

സംഭവത്തിൽ റഷ്യൻ ബോക്‌സിംഗ് ഫെഡറേഷൻ അന്വേഷണം പ്രഖ്യാപിച്ചു.