വെസ്റ്റിന്റീസിനെതിരെ പരമ്പരയില്‍ രാഹുലിന് പകരം സഞ്ജു സാംസണ്‍


JULY 29, 2022, 9:39 PM IST

വെസ്റ്റിന്റീസിനെതിരായ അഞ്ച് മത്സര ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുലിന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തെരഞ്ഞെടുത്തതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. കരീബിയന്‍ ടീമിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നേരത്തെ തന്നെ ഇടം നേടിയിരുന്ന സഞ്ജു സാംസണ്‍ 12, 54, ആറിന് നോട്ടൗട്ട് എന്നീ സ്‌കോറുകള്‍ നേടിയിരുന്നു. 

അയര്‍ലന്റിനെതിരെ മലാഹൈഡില്‍ നടന്ന രണ്ടാം മത്സരത്തിലാണ് സഞ്ജു സാംസണ്‍ അവസാനമായി ഇന്ത്യയ്ക്കു വേണ്ടി ടി 20യില്‍ പാഡ് അണിഞ്ഞത്. അതില്‍ 77 റണ്‍സ് നേടിയിരുന്നു. 

ജൂണ്‍ അവസാനത്തോടെ സ്‌പോര്‍ട്‌സ് ഹെര്‍ണിയ സര്‍ജറിക്കായി ജര്‍മനിയിലേക്കു പോയ കെ എല്‍ രാഹുല്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ സുഖം പ്രാപിച്ചുവരികയായിരുന്നു. ഫിറ്റ്‌നസ് പരിശോധനയില്‍ ജൂലായ് 14ന് പരമ്പരയ്ക്കുള്ള പ്രാരംഭ ടീമില്‍ ഇടം നേടിയിരുന്നു. 

എന്നാല്‍ ജൂലായ് 21ന് കോവിഡ് പോസിറ്റീവായ രാഹുലിന് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ കളിക്കാനാവില്ലെന്ന് മനസ്സിലായതോടെ രോഗമുക്തനാവാന്‍ പൂര്‍ണവിശ്രമത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടക്കും. തുടര്‍ന്ന് അടുത്ത രണ്ട് മത്സരങ്ങള്‍ സെന്റ് കിറ്റ്‌സിലും അവസാന രണ്ട് മത്സരങ്ങള്‍ യു എസിലെ മിയാമിയിലെ ലോഡര്‍ ഹില്ലിലും നടക്കും.

Other News